Advertisement

കോടിയേരിയുടെ തിരുവനന്തപുരം പൊതുദര്‍ശനം അട്ടിമറിച്ചത് പിണറായി; കെ.സുധാകരന്‍

October 3, 2023
Google News 1 minute Read

സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തലസ്ഥാനത്ത് പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പട്ടിട്ടും അത് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

കോടിയേരിയേക്കാള്‍ പിണറായി പ്രാധാന്യം നല്കിയത് വിദേശ പര്യടനത്തിനായിരുന്നു. വന്‍കിട മുതലാളിമാരുമായുള്ള കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചിരുന്നതിനാല്‍ അതു മാറ്റിവയ്ക്കാന്‍ പിണറായി തയാറായില്ല. 2022 ഒക്ടോബര്‍ മൂന്നിന് കോടിയേരിയുടെ സംസ്‌കാരം കഴിഞ്ഞ് നാലാംതീയതി പുലര്‍ച്ചെ പിണറായി വിദേശത്തേക്കു പറന്നു. തിരുവനന്തപുരത്ത് പൊതുദര്‍ശനവും തുടര്‍ന്ന് വിലാപയാത്രയും നടത്തിയാല്‍ പിണറായിയുടെ വിദേശപര്യടനം പ്രതിസന്ധിയിലാകുമായിരുന്നു. അതുകൊണ്ടാണ് സിപിഎമ്മിന്റെ എല്ലാ കീഴ്‌വഴക്കങ്ങളും ചീന്തിയെറിഞ്ഞ് കുടുംബത്തെ വേദനിപ്പിക്കുകയും പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കുകയും ചെയ്ത തരത്തിലുള്ള യാത്രയപ്പ് നല്കിയതെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

തലസ്ഥാനത്ത് ഭൗതികശരീരം പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന് കുടുംബം സിപിഐഎമ്മിനോട് ആവശ്യപ്പെട്ടിരുന്നതായി കോടിയേരിയുടെ ഭാര്യ വിനോദിനിയാണ് ഒന്നാം ചരമവാര്‍ഷികവേളില്‍ വെളിപ്പെടുത്തിയത്. ചെന്നൈയിലെ ആശുപത്രിയില്‍ വച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും ഇക്കാര്യം പറഞ്ഞിരുന്നു. സത്യം സത്യമായി പറയണമല്ലോ, ഗോവിന്ദന്‍ മാഷിനോട് ഇത് അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണമെന്നു മക്കള്‍ പറഞ്ഞിരുന്നു എന്നും വിനോദിനി വെളിപ്പെടുത്തി. ഭൗതികശരീരവുമായി ദീര്‍ഘയാത്ര ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതുകൊണ്ടാണ് നേരെ കണ്ണൂര്‍ക്കു കൊണ്ടുപോയതെന്ന പാര്‍ട്ടിയുടെ വിശദീകരണമാണ് കുടുംബത്തിന്റെ വെളിപ്പെടുത്തലോടെ അടപടലം പൊളിഞ്ഞത്. കുടുംബത്തില്‍നിന്നുയര്‍ന്ന പരാതിക്ക് പിണറായി വിജയന്‍ മറുപടി പറഞ്ഞേ തീരുവെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

കോടിയേരിയുടെ ഭൗതികശരീരം ചെന്നൈയില്‍നിന്ന് നേരേ കണ്ണൂര്‍ക്കു കൊണ്ടുപോയി സംസ്‌കരിച്ചത് പാര്‍ട്ടിയുടെ എല്ലാ കീഴ്‌വഴക്കങ്ങളും കാറ്റില്‍പ്പറത്തിയാണ്. എകെജിയുടെ ഭൗതികശരീരം തിരുവനന്തപുരത്തുനിന്ന് പയ്യമ്പലത്തെത്താന്‍ രണ്ടു ദിവസമെടുത്തു. ഇകെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും ഭൗതികശരീരം തിരുവനന്തപുരത്തുനിന്ന് പയ്യമ്പലത്തേക്കു കൊണ്ടുപോയത് പതിനായിരങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയാണ്. കെഎസ്ആര്‍ടിസിയുടെ പ്രത്യേകം തയാറാക്കിയ ബസിലായിരുന്നു ഇവരുടെ അന്ത്യയാത്ര. ഇവരുടെ വിടവാങ്ങലിനോട് അനുബന്ധിച്ച് അനുശോചന ദുഃഖാചരണം നടത്തിയെങ്കിലും കോടിയേരിയുടെ കാര്യത്തില്‍ അതും ഉണ്ടായില്ല.

ആഭ്യന്തരമന്ത്രിയായും പാര്‍ട്ടി സെക്രട്ടറിയായും എംഎല്‍എയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച കോടിയേരിയുടെ പ്രധാനപ്പെട്ട ഒരു കര്‍മഭൂമി തിരുവനന്തപുരമായിരുന്നു. കണ്ണൂരിനു പുറത്തും അദ്ദേഹം ജനകീയനായിരുന്നു. അദ്ദേഹത്തിന് തിരുവനന്തപുരത്തും അവിടെ നിന്ന് കണ്ണൂര്‍ വരെയുമുള്ള വിലാപയാത്രക്കും ലഭിക്കുമായിരുന്ന ജനപങ്കാളിത്തം ചിലരെ അസ്വസ്ഥതപ്പെടുത്തിയിരുന്നെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

Story Highlights: K Sudhakaran against Pinarayi Vijayan on kodiyeri’s cremation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here