ഏഷ്യൻ ഗെയിംസ്: അഫീഫ് ഹുസൈൻ തുണച്ചു; മലേഷ്യക്കെതിരെ വിറച്ചു ജയിച്ച് ബംഗ്ലാദേശ് സെമിയിൽ

ഏഷ്യൻ ഗെയിംസ് ക്വാർട്ടർ ഫൈനലിൽ മലേഷ്യക്കെതിരെ വിറച്ചുജയിച്ച് ബംഗ്ലാദേശ്. രണ്ട് റൺസിന് മലേഷ്യയെ വീഴ്ത്തിയ ബംഗ്ലാദേശ് സെമിയിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 116 റൺസെന്ന സ്കോറിന് ഒതുക്കിയെങ്കിലും മറൂപടി ബാറ്റിംഗിൽ മലേഷ്യയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടാനേ സാധിച്ചുള്ളൂ. 14 പന്തിൽ 23 റൺസ് നേടി ബാറ്റിംഗിലും 11 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗിലും തിളങ്ങിയ അഫീഫ് ഹുസൈനാണ് ബംഗ്ലാദേശിൻ്റെ വിജയശില്പി. (asian games bangladesh malaysia)
ബാറ്റിംഗ് അത്ര എളുപ്പമല്ലാത്ത പിച്ചിൽ ബംഗ്ലാദേശിനെ വരിഞ്ഞുമുറുക്കിയാണ് മലേഷ്യ പന്തെറിഞ്ഞത്. ഫീൽഡിൽ കൂടി മലേഷ്യ മികച്ചുനിന്നതോടെ ബംഗ്ലാദേശ് പകച്ചു. ഓപ്പണർമാർ റണ്ണൊന്നുമെടുക്കാതെയും മൂന്നാം നമ്പർ താരം ഒരു റൺസ് നേടിയും മടങ്ങിയപ്പോൾ പിന്നാലെ വന്നവരാണ് ബംഗ്ലാദേശിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 52 പന്തിൽ 50 റൺസ് നേടിയ ക്യാപ്റ്റൻ സൈഫ് ഹസൻ ടോപ്പ് സ്കോററായപ്പോൾ അഫീഫ് ഹുസൈൻ (14 പന്തിൽ 23) നിർണായക ഇന്നിംഗ്സ് കാഴ്ചവച്ചു.
Read Also: ഏഷ്യൻ ഗെയിംസ്: ശ്രീലങ്കയെ അട്ടിമറിച്ച് അഫ്ഗാനിസ്താൻ സെമിയിൽ
മറുപടി ബാറ്റിംഗിൽ മലേഷ്യക്കും ബാറ്റിംഗ് തകർച നേരിട്ടു. ഒരുവശത്ത് തുടരെ വിക്കറ്റ് വീഴുമ്പോഴും പിടിച്ചുനിന്ന് അനായാസം ബാറ്റ് വീശിയ വിരന്ദീപ് സിംഗ് മലേഷ്യയെ ഒരു അട്ടിമറിയുടെ വക്കിലെത്തിച്ചു. എന്നാൽ, അഞ്ച് റൺസ് വിജയലക്ഷ്യം വേണ്ട അവസാന ഓവറിൽ അഫീഫ് ഹുസൈൻ്റെ മൂന്നാം വിക്കറ്റായി മടങ്ങാനായിരുന്നു താരത്തിൻ്റെ വിധി. 39 പന്തിൽ 52 റൺസ് നേടിയാണ് മലേഷ്യൻ താരം പുറത്തായത്. ബംഗ്ലാദേശിനായി റിപോൺ മണ്ഡലും അഫീഫ് ഹുസൈനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
സെമിയിൽ ഇന്ത്യയെയാണ് ബംഗ്ലാദേശ് നേരിടുക. മറ്റൊരു സെമിയിൽ പാകിസ്താൻ അഫ്ഗാനിസ്താനെ നേരിടും.
Story Highlights: asian games bangladesh won malaysia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here