Advertisement

ക്വാണ്ടം ഡോട്ടുകളെക്കുറിച്ചുള്ള പഠനത്തിന് അംഗീകാരം; രസതന്ത്രത്തിനുള്ള നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്

October 4, 2023
Google News 2 minutes Read
Nobel Prize 2023 in Chemistry awarded to 3 scientist

ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നാനോ ടെക്‌നോളജിയിലെ പഠനത്തിന് മൂന്ന് ശാസ്ത്രജ്ഞര്‍ പുരസ്‌കാരം പങ്കിട്ടു. നാനോ ടെക്‌നോളജിയിലെ സുപ്രധാന കണികകളായ ക്വാണ്ടം ഡോട്‌സിന്റെ കണ്ടെത്തലാണ് നൊബേലിന് അര്‍ഹരാക്കിയത്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ലൂയിസ് ഇ ബ്രസ്, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മൗഗി ജി ബാവെന്റി, ന്യൂയോര്‍ക്ക് ആസ്ഥാനമായ നാനോ ക്രിസ്റ്റല്‍സ് ടെക്‌നോളജി എന്ന കമ്പനിയിലെ അലക്‌സി ഐ എകിമോവ് എന്നിവര്‍ക്കാണ് 2023ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം. പുരസ്‌ക്കാരത്തുകയായ എട്ടേകാല്‍ കോടി രൂപ മൂവരും തുല്യമായി പങ്കിടും. (Nobel Prize 2023 in Chemistry awarded to 3 scientist)

ഒപ്റ്റിക്കല്‍, ഇലക്ട്രോണിക് ഗുണങ്ങളുള്ളതും ഏതാനും നാനോമീറ്റര്‍ മാത്രം വലുപ്പമുള്ളതുമായ ചെറിയ അര്‍ദ്ധചാലക കണങ്ങളാണ് ക്വാണ്ടം ഡോട്ടുകള്‍. ക്വാണ്ടം ഡോട്ടുകളെ കൃത്രിമ ആറ്റങ്ങള്‍ എന്നും വിളിക്കാറുണ്ട്. 1981 ല്‍ അലക്‌സി എകിമോവാണ് ഈ കണികകളെ ആദ്യമായി വേര്‍തിരിച്ചത്. ആന്തരിക ഘടന അനുസരിച്ച് വ്യത്യസ്ത തരംഗദൈര്‍ഘ്യമുള്ള നിറങ്ങള്‍ പുറപ്പെടുവിക്കാന്‍ ശേഷിയുള്ളവയാണ് ക്വാണ്ടം ഡോട്ടുകള്‍.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

കാന്‍സര്‍ സെല്ലുകളുടെ ആന്തരികഘടന കണ്ടെത്തുന്നത് മുതല്‍ സോളാര്‍ സെല്ലുകളില്‍ വരെ ഉപയോഗമുള്ള കണികകളാണ് ക്വാണ്ടം ഡോട്ടുകള്‍. സിംഗിള്‍-ഇലക്ട്രോണ്‍ ട്രാന്‍സിസ്റ്ററുകള്‍, സോളാര്‍ സെല്ലുകള്‍, എല്‍ ഇ ഡികള്‍, ലേസറുകള്‍, സിംഗിള്‍-ഫോട്ടോണ്‍ സ്രോതസ്സുകള്‍, ക്വാണ്ടം കമ്പ്യൂട്ടിംഗ്, മെഡിക്കല്‍ ഇമേജിംഗ് എന്നിവയില്‍ ക്വാണ്ടം ഡോട്ടുകള്‍ക്ക് വലിയ സാധ്യതകളുണ്ട്. അതേസമയം പുരസ്‌കാര പ്രഖ്യാപനത്തിനു മുന്‍പ് ബുധനാഴ്ച രാവിലെ തന്നെ വിജയികളുടെ പേരുകള്‍ ചോര്‍ന്നത് ചര്‍ച്ചകള്‍ക്ക് ഇടയാക്കി.

Story Highlights: Nobel Prize 2023 in Chemistry awarded to 3 scientist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here