Advertisement

തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ്; അറസ്റ്റ് ഒഴിവാക്കാൻ പണം തിരിച്ചടച്ച് മുൻ മാനേജർ

October 4, 2023
2 minutes Read

തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടപ്പിൽ അറസ്റ്റ് ഒഴിവാക്കാൻ പണം തിരിച്ചടച്ച് മുൻ മാനേജർ പ്രീത സി.കെ. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് പണം തിരിച്ചടച്ച് തടിയൂരിയത്. തിരുവല്ല മതിൽഭാഗം സ്വദേശി വിജയലക്ഷ്മി മോഹന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. സ്ഥിരനിക്ഷേപമായി ഉണ്ടായിരുന്ന മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപയാണ് തട്ടിയെടുത്തത്. മൂന്ന് ലക്ഷം രൂപയാണ് നിലവിൽ തിരിച്ചടച്ചത്. എന്നാൽ പലിശ ഉൾപ്പെടെ മുഴുവൻ തുകയും കിട്ടാതെ പരാതി പിൻവലിക്കില്ലെന്ന് നിക്ഷേപക അറിയിച്ചു. പണം തിരികെയടച്ചെന്ന് സമ്മതിക്കുന്ന പ്രീതയുടെ ഭർത്താവിൻറെ ശബ്ദരേഖ 24 ന് ലഭിച്ചു.

2015 ലാണ് തിരുവല്ല മതിൽഭാഗം സ്വദേശി വിജയലക്ഷ്മി മോഹൻ അർബൻ സഹകരണ ബാങ്കിന്‍റെ മഞ്ഞാടി ശാഖയിൽ മൂന്നര ലക്ഷം രൂപ നിക്ഷേമിട്ടത്. പലിശ ഉൾപ്പെടെ ആറേമുക്കാൽ ലക്ഷം രൂപ 2022 ഒക്ടോബറിൽ പിൻവലിക്കാൻ അപേക്ഷ നൽകി. നിക്ഷേപത്തിന്‍റെ അസ്സൽ രേഖകൾ ഉൾപ്പെടെ വാങ്ങിവെച്ച ജീവനക്കാർ പക്ഷേ പണം തിരികെ നൽകിയില്ല. തുടരന്വേഷണത്തിലാണ് വ്യാജ ഒപ്പിട്ട് ബാങ്ക് ജീവനക്കാരി പണം തട്ടിയെന്ന് അറിയുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം അട്ടിമറിച്ചു. മുതിർന്ന സിപിഐഎം നേതാവ് കൂടിയായ ബാങ്ക് ചെയർമാന്‍റെ ഒത്താശയിലാണ് പണം തട്ടിയെന്നാണ് നിക്ഷേപക ആരോപിക്കുന്നത്.

എന്നാൽ തട്ടിപ്പുകാരിയായ ജീവനക്കാരിയെ അന്നുതന്നെ പുറത്താക്കിയെന്നും നിക്ഷേപകയുടെ നഷ്ടമായ പണം തിരിച്ചു കിട്ടാൻ എല്ലാ സാധ്യതകളും ബാങ്ക് തേടുന്നുണ്ടെന്നുമാണ് ചെയർമാൻ വിശദീകരിക്കുന്നത്. നിക്ഷേപകയുടെ പരാതിയിൽ അന്വേഷണം നടത്തിയ സഹകരണ വകുപ്പ്, പണം ഉടൻ തിരികെ നൽകാൻ ഉത്തരവിട്ടു. എന്നാൽ രാഷ്ട്രീയ സ്വാധീനത്തിൽ അതെല്ലാം ഭരണസമിതി മറികടന്നു. തുടർന്നാണ് അർബൻ സഹകരണ ബാങ്കിനെതിരെ നിക്ഷേപക ഹൈക്കോടതിയെ സമീപിച്ചത്.

Story Highlights: Thiruvalla urban cooperative bank scam former manager paid money back

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top