സുധാകരനും സതീശനും വിമർശനം; കെപിസിസി നേതൃയോഗത്തിൽ തുറന്നടിച്ച് നേതാക്കൾ

കെപിസിസി നേതൃയോഗത്തിൽ പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനുമെതിരെ തുറന്നടിച്ച് എകെ ആന്റണി. പാർട്ടിയിൽ പരസ്പരം ഐക്യം ഇല്ലെങ്കിലും അണികളെ എങ്കിലും ബോധ്യപ്പെടുത്താൻ കഴിയണമെന്ന് ആൻ്റണി പറഞ്ഞു. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഇപ്പോഴത്തെ പ്രവർത്തനം പോരെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വിമർശനം. കണ്ണൂരിൽ നിന്ന് ഇത്തവണ മത്സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
ഇന്ന് നടന്ന കെപിസിസി നേതൃയോഗത്തിലാണ് നേതാക്കളുടെ വിമർശനം. പാർട്ടിയിൽ ഐക്യം കൊണ്ടുവരേണ്ടത് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമാണെന്ന് എ.കെ ആൻ്റണി. നേതാക്കൾ പക്വത കാട്ടണമെന്നും സ്വയം പരിഹാസ്യരാവരുതെന്നും ആന്റണി വിമർശിച്ചു. പാർട്ടി നേതൃത്വം എന്നത് സുധാകരനും സതീശനുമാണ്. അത് എല്ലാവരും മനസ്സിലാക്കണമെന്നും ആൻ്റണി.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 ൽ 20 സീറ്റും നേടുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ അവകാശവാദം. എന്നാൽ അതിനായുള്ള ഇപ്പോഴത്തെ പ്രവർത്തനം പോരെന്ന് കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. മണ്ഡലം പുനസംഘടന വൈകുന്നതിനും കെ.സി വേണുഗോപാൽ അതൃപ്തി രേഖപ്പെടുത്തി. ജില്ലകൾ നേതാക്കളുടെ സാമ്രാജ്യം ആണെന്ന് തെറ്റിദ്ധരിക്കരുതെന്നും വേണുഗോപാൽ നേതാക്കളെ ശാസിച്ചു.
കെ.പി.സി.സി അധ്യക്ഷപദവിയും എംപി സ്ഥാനവും ഒന്നിച്ചു കൊണ്ടു പോകാൻ കഴിയാത്തതിനാൽ ഇത്തവണ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ. പ്രതിപക്ഷ നേതാവും, കെപിസിസി അധ്യക്ഷനും എല്ലാ ജില്ലകളും സന്ദർശിക്കുന്ന പ്രചരണ പരിപാടികൾ നടത്താനും നേതൃയോഗം തീരുമാനിച്ചു. കെപിസിസി അധ്യക്ഷൻ എല്ലാ മണ്ഡലങ്ങളും കടന്നുപോകുന്ന പ്രചരണ ജാഥ നടത്തും. ഒക്ടോബർ രണ്ടാം വാരം മുതൽ ജില്ലകളിൽ നേതൃസംഗമത്തിനും തീരുമാനമായി.
Story Highlights: K Sudhakaran and VD Satheesan criticized in KPCC leadership meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here