കുട്ടികൾക്കെതിരായ ലൈംഗിക ദുരുപയോഗം: ഉള്ളടക്കങ്ങൾ നീക്കണം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

എക്സ്, യൂട്യൂബ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം പ്ലാറ്റ്‌ഫോമുകൾ ഉണ്ടെങ്കിൽ അവ ശാശ്വതമായി നീക്കം ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയലുകൾ (CSAM) കണ്ടെത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്നും ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്.
CSAM-ലേക്കുള്ള ആക്സസ് അടിയന്തിരമായി പ്രവർത്തനരഹിതമാക്കണം. ഇത്തരം ഉള്ളടക്കങ്ങൾ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ശാശ്വതമായി നീക്കം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. ഭാവിയിൽ ഇവ വീണ്ടും പ്രത്യക്ഷപ്പെടുന്നത് തടയുന്നതിനുള്ള മുൻകരുതലുകൾ കൈക്കൊള്ളണം. CSAM-ന്റെ വ്യാപനം തടയുന്നതിന് ഉള്ളടക്ക മോഡറേഷൻ അൽഗോരിതങ്ങളും റിപ്പോർട്ടിംഗ് മെക്കാനിസങ്ങളും പോലുള്ള നടപടികൾ നടപ്പിലാക്കണമെന്നും നിർദ്ദേശമുണ്ട്.
നിർദ്ദേശങ്ങൾ അവഗണിച്ചാൽ കർശന നടപടി സ്വീകരിക്കും. ഇവ അവഗണിക്കുന്നത് ഐടി റൂൾസ് 2021ലെ റൂൾ 3(1)(ബി), റൂൾ 4(4) എന്നിവയുടെ ലംഘനമായി കണക്കാക്കുമെന്ന് ഐടി മന്ത്രാലയത്തിന്റെ നോട്ടീസിൽ പറയുന്നു. നോട്ടീസുകൾ പാലിക്കുന്നതിൽ കാലതാമസം ഉണ്ടായാൽ ഐടി നിയമത്തിലെ വകുപ്പ് 79 പ്രകാരം നിലവിൽ ഇന്റർനെറ്റ് ഇടനില പ്ലാറ്റുഫോമുകൾക്ക് ലഭിച്ചു വരുന്ന പരിരക്ഷ റദ്ദാക്കുമെന്നും (സേഫ് ഹാർബർ പ്രൊട്ടക്ഷൻ) മുന്നറിയിപ്പുണ്ട്.
Story Highlights: Centre Warns X, YouTube, Telegram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here