കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പി ആര്‍ അരവിന്ദാക്ഷൻ, ജില്‍സ് എന്നിവരുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷനെയും കരുവന്നൂർ ബാങ്ക് മുൻ ജീവനക്കാരൻ സി.കെ ജിൽസിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇവരുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. കലൂരിലെ പ്രത്യേക പി.എം.എൽ.എ കോടതിയാണ് കേസ് പരിഗണിക്കുന്നത്.രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടത്. അരവിന്ദാക്ഷന്റെ വിദേശയാത്ര, ബാങ്ക് നിക്ഷേപം സംബന്ധിച്ച വിവരശേഖരണം എന്നിവയ്ക്കായാണ് ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുന്നത്.
വടക്കാഞ്ചേരി നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ അരവിന്ദാക്ഷന് എതിരെയുള്ള കുരുക്ക് മുറുക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഒന്നാംപ്രതി സതീഷ് കുമാറുമായി പി. ആർ അരവിന്ദാക്ഷൻ നടത്തിയ വിദേശയാത്രകൾ, കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് ഇ.ഡിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് രണ്ടുദിവസത്തേക്ക് അരവിന്ദാക്ഷനെ കസ്റ്റഡിയിൽ വാങ്ങാനുള്ള തീരുമാനം.
പി.ആർ അരവിന്ദാക്ഷിനെതിരെ ഫോൺ കോൾ റെക്കോർഡുകൾ തെളിവുകളായി ഉണ്ടെന്നും ഒന്നാംപ്രതി സതീഷ് കുമാറിന്റെ ഫോണിലെ കോൾ റെക്കോർഡുകളിൽ അരവിന്ദാക്ഷന്റെ പങ്ക് വ്യക്തമാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ചോദ്യം ചെയ്തവരിൽ നിന്ന് ലഭിച്ച മൊഴികൾ അരവിന്ദാക്ഷൻ എതിരാണെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്.
അതേസമയം സതീഷ്കുമാറുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ള എസ്ടി ജ്വല്ലറി ഉടമ കെ.കെ.സുനിൽകുമാർ, വടക്കാഞ്ചേരിയിലെ സിപിഐഎം കൗൺസിലർ മധു അമ്പലപുരം എന്നിവരെയും ഇന്നലെ ചോദ്യം ചെയ്തു. സുനിൽകുമാറിന്റെ മകളുടെ വിവാഹാവശ്യത്തിനു സതീഷ്കുമാർ നൽകിയ ഒരു കോടി രൂപ കരുവന്നൂർ ബാങ്കിൽ നിന്നു തട്ടിയെടുത്ത തുകയാണെന്ന് ഇ.ഡിക്കു സംശയമുണ്ട്. ഈ ഇടപാടിന്റെ വിശദാംശങ്ങൾ ശേഖരിക്കാനാണ് സുനിൽകുമാറിനെ ചോദ്യം ചെയ്തത്.
Story Highlights: Karuvannur Scam: Custody plea of PR Aravindakshan, Jills to be heard today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here