Advertisement

തീപ്പന്തത്തിൽ വെള്ളമൊഴിച്ച് കോലിയും രാഹുലും; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

October 8, 2023
2 minutes Read
india australia world cup

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. ഓസ്ട്രേലിയയെ 6 വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മുന്നോട്ടുവച്ച 200 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടപ്പെടുത്തി 41.2 ഓവറിൽ ഇന്ത്യ മറികടന്നു. 115 പന്തിൽ 97 റൺസ് നേടി പുറത്താവാതെ നിന്ന കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. കോലി 116 പന്തിൽ 85 റൺസ് നേടി. ഓസ്ട്രേലിയക്കായി ജോഷ് ഹേസൽവുഡ് 3 വിക്കറ്റ് വീഴ്ത്തി. (india australia world cup)

സ്കോർ ബോർഡിൽ വെറും രണ്ട് റൺസ് മാത്രമായപ്പോൾ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. മൂന്ന് പേരും റൺസൊന്നും നേടിയതുമില്ല. ഇഷാൻ കിഷനെ കാമറൂൺ ഗ്രീനിൻ്റെ കൈകളിലെത്തിച്ച് മിച്ചൽ സ്റ്റാർക്ക് വേട്ട ആരംഭിച്ചപ്പോൾ രോഹിതിനെ വിക്കറ്റിനു മുന്നിൽ കുടുക്കിയ ഹേസൽവുഡ് ശ്രേയാസ് അയ്യരെ ഡേവിഡ് വാർണറിൻ്റെ കൈകളിൽ എത്തിച്ചു.

Read Also: ലോകകപ്പ്: ഇന്ത്യ തീപ്പൊരിയെങ്കിൽ ഓസ്ട്രേലിയ തീപ്പന്തം; രണ്ട് റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് 3 വിക്കറ്റ് നഷ്ടം

നാലാം വിക്കറ്റിൽ ഒത്തുചേർന്ന കോലിയും രാഹുലും ചേർന്ന് വളരെ സാവധാനം ഇന്ത്യയെ മുന്നോട്ടുനയിച്ചു. താരതമ്യേന കുറഞ്ഞ വിജയലക്ഷ്യമാണ് ഉള്ളത് എന്ന് മനസിലാക്കിയ സഖ്യം മോശം പന്തുകളെ ശിക്ഷിച്ചും നല്ല പന്തുകളെ ബഹുമാനിച്ചും മുന്നോട്ടുപോയി. വ്യക്തിഗത സ്കോർ മൂന്നിൽ നിൽക്കെ ഹേസൽവുഡിൻ്റെ പന്തിൽ മിച്ചൽ മാർഷ് വിട്ടുകളഞ്ഞത് കോലി പൂർണമായി മുതലെടുത്തു. 76 പന്തിൽ കോലിയും 72 പന്തിൽ രാഹുലും ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് ശേഷവും ഇടക്കിടെ ബൗണ്ടറികൾ നേടി, വിക്കറ്റിനിടയിൽ റണ്ണുകൾ തളർച്ചയില്ലാതെ ഓടിയെടുത്ത് ഇരുവരും ഇന്ത്യക്ക് മത്സരത്തിൽ ആധിപത്യം നൽകി.

നാലാം വിക്കറ്റിൽ165 റൺസ് നീണ്ട റെക്കോർഡ് കൂട്ടുകെട്ട് ഒടുവിൽ ഹേസൽവുഡ് തന്നെ പൊളിച്ചു. 116 പന്തിൽ 85 റൺസ് നേടിയ താരത്തെ ഹേസൽവുഡ് മാർനസ് ലബുഷെയിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. കോലി വീണെങ്കിലും ക്രീസിൽ തുടർന്ന രാഹുൽ ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചു. കമ്മിൻസിനെ സിക്സർ പായിച്ചാണ് രാഹുൽ ഇന്ത്യയുടെ വിജയറൺ കുറിച്ചത്. രാഹുലിനൊപ്പം ഹാർദിക് പാണ്ഡ്യ (11) നോട്ടൗട്ടാണ്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ49.3 ഓവറിൽ വിക്കറ്റ് 199 റൺസ് നേടുന്നതിനിടെ ഓൾ ഔട്ടായി. ഇന്ത്യക്കായി ബൗളർമാരെല്ലാം തിളങ്ങി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറയും കുൽദീപും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

Story Highlights: india won australia world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top