ആയുസിന്റെ ഭൂരിഭാഗവും ജീവിച്ചത് കുടുംബത്തിന് വേണ്ടി; സകല സൗഭാഗ്യങ്ങളുമുണ്ടായിരുന്ന ഒരു മനുഷ്യൻ; ഇന്ന് അന്തിയുറങ്ങുന്നത് വയലിൽ ഇഴജന്തുക്കളുടെ ഇടയിൽ

ആയുസിന്റെ ഭൂരിഭാഗവും കുടുംബത്തിന് വേണ്ടി ജീവിച്ചൊരു മനുഷ്യൻ ഇന്ന് അന്തിയുറങ്ങുന്നത് വയലിൽ ഇഴജന്തുക്കളുടെ ഇടയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി വിശ്വനാഥൻ നായരുടെ ജീവിതമാണിത്. സ്വന്തമായുള്ള ഭൂമിയും വീടും ബന്ധുവിന്റെ ചതിയിൽ നഷ്ടമായി. ഒരു തുണ്ട് ഭൂമി മാത്രമാണ് ഇന്ന് ഈ വയോധികന്റെ അവശേഷിക്കുന്ന ഒരേ ഒരു ആഗ്രഹം. വെൺകുളംകാർക്ക് 82 വയസ്സുകാരൻ വിശ്വനാഥൻ നായർ ചിരപരിചിതനാണ്.
ഒരു ചായ കട കൊണ്ട് മരുതത്തൂർ ദേശത്തിന്റെ ഹൃദയം കീഴടക്കിയ മനുഷ്യൻ. പക്ഷേ ഇപ്പോൾ ഒരു തുണ്ട് ഭൂമി പോലും സ്വന്തമായി ഇല്ലാതെ പെരുവഴിയിൽ. അവിവാഹിതനായ വിശ്വനാഥൻ ആയുസ്സിന്റെ അധ്വാനത്തിൽ 14 സെന്റ് ഭൂമിയിൽ ഒരു വീട് പണിതുണ്ടാക്കി. പക്ഷേ എഴുത്തും വായനയും അറിയാത്തതിനാൽ മുപ്പതു വർഷം മുൻപ് ആ ഭൂമിയും വീടും സഹോദരന്റെ ഭാര്യ ചതിയിലൂടെ കൈക്കലാക്കി.
നെഞ്ചു പൊട്ടുന്ന ആ തട്ടിപ്പ് കഥ അറിഞ്ഞത് പോലും കുറച്ചു നാളുകൾക്കു മുൻപ്. സഹോദരനും ഭാര്യയ്ക്കും വേണ്ടി 8 വർഷം മുൻപ് വീട് വിട്ടു ഇറങ്ങിയതാണ്. അപ്പോഴും ചിത ഒരുക്കാൻ ഒരു തുണ്ട് ഭൂമി എന്നതായിരുന്നു ആശ്വാസം. എന്നാൽ അതും നഷ്ടമായി.
ഇപ്പോൾ കഴിയുന്നത് വൈദ്യുതിയോ വെള്ളമോ ഇല്ലാത്ത വയലിൽ ഇഴജന്തുക്കളുടെ ഇടയിൽ. വെള്ളം കയറിയ വയലിൽ ചുറ്റമുള്ളത് ഏത് സമയവും ജീവന് ഭീഷണിയാകുന്ന ഇഴജന്തുക്കൾ മാത്രമാണ്. ജീവിതം ഈവിധം കീഴ്മേൽ മറിഞ്ഞിട്ടും പരിഭവമോ പരാതിയോ ഇല്ല വിശ്വനാഥന്.
Story Highlights: life of Thiruvananthapuram native Viswanathan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here