Advertisement

സിഡിസിയിലെ ജെനറ്റിക് ആന്റ് മെറ്റബോളിക് ലാബിന് എന്‍എബിഎല്‍ അംഗീകാരം

October 12, 2023
Google News 2 minutes Read
NABL Accreditation for the Genetic and Metabolic Lab at CDC

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിലെ (സി.ഡി.സി) ജെനറ്റിക് ആന്റ് മെറ്റബോളിക് ലാബിന് എന്‍.എ.ബി.എല്‍ അംഗീകാരം ലഭിച്ചു. സിഡിസിയിലെ 15 സ്‌പെഷ്യാലിറ്റി യൂണിറ്റുകളിലൊന്നാണ് ജെനറ്റിക്ക് ആന്‍ഡ് മെറ്റബോളിക് ലാബ്. ജനിതക പരിശോധനകളായ കാര്യോടൈപ്പിംഗ്, ഫിഷ് (Fluorescence in situ hybridization) മുതലായ പരിശോധനകളും, ബയോകെമിക്കല്‍ പരിശോധനയും ലാബോറട്ടറിയില്‍ നടത്തുന്നു.

സംസ്ഥാനത്തെ പ്രധാന ലാബുകള്‍ക്ക് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതിന്റെ ഭാഗമായാണ് എം.സി.സി.യിലും സി.ഡി.സി.യിലും എന്‍എബിഎല്‍ അക്രഡിറ്റേഷന്‍ മാനദണ്ഡ പ്രകാരമുള്ള സംവിധാനങ്ങളൊരുക്കിയത്. മലബാര്‍ കാന്‍സര്‍ സെന്ററിലെ എല്ലാ ലാബുകള്‍ക്കും അടുത്തിടെ എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ ലഭിച്ചിരുന്നു. അപൂര്‍വ രോഗങ്ങളുടെ മികവിന്റെ കേന്ദ്രമായി മെഡിക്കല്‍ കോളേജ് എസ്.എ.ടി ആശുപത്രിയെ തെരഞ്ഞെടുത്തപ്പോള്‍ അപൂര്‍വ രോഗങ്ങളുടെ നിര്‍ണയത്തിനായി സി.ഡി.സി. ലാബിനെയാണ് തിരഞ്ഞെടുത്തത്. സിഡിസിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2.73 കോടി രൂപയുടെ ഭരണാനുമതി നല്‍കി. വിവിധ ഉപകരണങ്ങള്‍, റിസര്‍ച്ച്, പരിശീലനം, സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

‘കുട്ടിക്കാലത്തെ വെല്ലുവിളികള്‍ കുറയ്ക്കുക’ എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് സിഡിസി പ്രവര്‍ത്തിച്ചു വരുന്നത്. ശിശു, കൗമാര പരിചരണം, വികസനം എന്നീ മേഖലകളില്‍ അത്യാധുനിക ക്ലിനിക്കല്‍, ഗവേഷണം, അധ്യാപന, പരിശീലന സേവനങ്ങള്‍ നല്‍കുന്നു. സിഡിസിയിലെ 15 സ്‌പെഷ്യാലിറ്റി യൂണിറ്റുകളില്‍ ഒന്നാണ് ജനറ്റിക് ആന്റ് മെറ്റബോളിക് യൂണിറ്റ്. സ്റ്റേറ്റ് ഓഫ് ആര്‍ട്ട് മോളിക്യുലര്‍ ലാബും ഇവിടെ പ്രവര്‍ത്തിക്കുന്നു. മോളിക്യൂലര്‍ ജനറ്റിക് ടെസ്റ്റുകളും കൗണ്‍സിലിംഗും ഇവിടെ നടത്തുന്നുണ്ട്. എസ്.എം.എ. ഹീമോഫിലിയ തുടങ്ങിയുള്ള രോഗങ്ങള്‍ക്കുള്ള പരിശോധനകളും സജ്ജമാക്കുന്നു.

നാളിതുവരെ 3500 കാര്യോടൈപ്പ ടെസ്റ്റുകളും ആയിരത്തോളം മോളിക്യൂലര്‍ പരിശോധനകളും ചെയ്തിട്ടുണ്ട്. പ്രതിമാസം 50 വരെ രോഗികള്‍ക്ക് ജനറ്റിക് കൗണ്‍സിലിംഗ് നല്‍കി വരുന്നുണ്ട്. നിരവധി കുടുംബങ്ങളില്‍ ജനിതക കൗണ്‍സിലിംഗും ഗര്‍ഭാവസ്ഥയിലുള്ള ജനിതക ടെസ്റ്റിംഗും വഴി ജനിതക രോഗങ്ങളെ തടയാന്‍ സാധിച്ചിട്ടുണ്ട്. 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കീം മുഖാന്തരം സൗജന്യമായാണ് പരിശോധനകള്‍ നടത്തുന്നത്.

Story Highlights: NABL Accreditation for the Genetic and Metabolic Lab at CDC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here