Advertisement

‘പഞ്ചായത്ത് അസി. സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സിപിഐഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണം’; വി.ഡി സതീശൻ

October 12, 2023
Google News 1 minute Read
VD Satheesan against Kerala Police

സിപിഐഎം നേതാക്കളുടെ ഭീഷണിയെ തുടര്‍ന്ന് നെന്മാറ പഞ്ചായത്ത് അസി. സെക്രട്ടറി സുബൈര്‍ അലിക്ക് നാടുവിടേണ്ടി വന്നത് ഭരണത്തിന്റെ ധാര്‍ഷ്ട്യം ഒരു പാര്‍ട്ടിയേയും സര്‍ക്കാരിനെയും എത്രത്തോളം ജീര്‍ണതയില്‍ എത്തിച്ചുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സുബൈര്‍ അലിയെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത സിപിഐഎം കൊല്ലങ്കോട് ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാനും നിയമനടപടി സ്വീകരിക്കാനും പൊലീസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐഎം കൊല്ലങ്കോട് ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് പഞ്ചായത്ത് ഓഫീസില്‍ നിന്നും കണ്ടെടുത്ത സുബൈര്‍ അലിയുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിപിഐഎം അംഗങ്ങള്‍ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഓഫീസിലെത്തി പ്രശ്നമുണ്ടായിക്കിരുന്നുവെന്നും കത്തിലുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് ഇതുവരെ തയാറായില്ലെന്നത് വിചിത്രമാണ്. സര്‍ക്കാരിന്റെ അറിവോടെയാണോ പാര്‍ട്ടി നേതാക്കള്‍ പഞ്ചായത്ത് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത തദ്ദേശ വകുപ്പിന്റെ ചുമതല വഹിക്കുന്ന ജില്ലയില്‍ നിന്നുള്ള മന്ത്രിക്കുണ്ടെന്ന് സതീശൻ.

പൊലീസ് ഉള്‍പ്പെടെ എല്ലാ വകുപ്പുകളും നിയന്ത്രിക്കുന്നത് സിപിഐഎം നേതാക്കളാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്ന സംഭവമാണ് നെന്മാറയില്‍ നടക്കുന്നത്. അധികാരത്തുടര്‍ച്ചയുടെ അഹങ്കാരം തലയ്ക്കു പിടിച്ച സിപിഐഎമ്മും രണ്ടാം പിണറായി സര്‍ക്കാരും സംസ്ഥാനത്ത് സെല്‍ ഭരണമാണ് നടപ്പാക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളെ പാര്‍ട്ടി സെന്ററുകളാക്കി ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനാകാത്ത സാഹചര്യം സിപിഐഎം നേതാക്കള്‍ തന്നെ സൃഷ്ടിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇത് അനുവദിച്ച് കൊടുക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുബൈര്‍ അലിയെന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍ക്കാരിനും തദ്ദേശ വകുപ്പിനും ബാധ്യതയുണ്ട്. അദ്ദേഹത്തിന് സുരക്ഷയൊരുക്കാന്‍ പൊലീസും തയാറാകണം. ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടിക്കാണ് സര്‍ക്കാര്‍ തുനിയുന്നതെങ്കില്‍ സംരക്ഷണമൊരുക്കാന്‍ യുഡിഎഫിന് മുന്നിട്ടിറങ്ങേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Story Highlights: VD Satheesan against Kerala Police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here