‘വെൽക്കം ടു ഉമ്മൻ ചാണ്ടി ഇൻ്റർനാഷണൽ സീ പോർട്ട്’; വിഴിഞ്ഞം തുറമുഖത്തിന് പേരിട്ട് യൂത്ത് കോൺഗ്രസ്

വിഴിഞ്ഞം തുറമുഖ കവാടത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. വിഴിഞ്ഞം തുറമുഖത്തിൻ്റെ ക്രെഡിറ്റിനെ ചൊല്ലി ഭരണ – പ്രതിപക്ഷ തര്‍ക്കം മുറുകുന്നതിനിടെയാണ് പ്രതിഷേധം.വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് പ്രതീകാത്മകമായി യൂത്ത് കോൺഗ്രസ് നൽകിയത്. (youth congress on oommen chandy name for vizhinjam port)
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടി ഇന്റർനാഷണൽ സീ പോർട്ട് എന്ന പേരിട്ട് പ്രവര്‍ത്തകര്‍ ബോര്‍ഡ് സ്ഥാപിച്ചു. പ്രധാന കവാടത്തിൻ്റെ മുൻഭാഗത്താണ് ബോര്‍ഡ് സ്ഥാപിച്ചത്.വഴികളിൽ നിറയെ ഉമ്മൻ ചാണ്ടിയുടെ ബോർഡുകളും ഫ്‌ളക്‌സുകളും സ്ഥാപിച്ചു.
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണെമന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു.
പ്രദേശത്ത് കൂടുതൽ ബോർഡുകൾ സ്ഥാപിക്കുമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയതിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസിൻ്റെ പേരിടൽ.
തുറമുഖത്തിന് കാരണഭൂതനായ ഉമ്മൻ ചാണ്ടിയെ സർക്കാരുകൾ അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം സംഘടിപ്പിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് എംഎസ് നിസൂർ പറഞ്ഞു.
Story Highlights: youth congress on oommen chandy name for vizhinjam port
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here