‘ഇ.ഡി രാഷ്ട്രീയം കളിക്കുന്നു’; കരുവന്നൂര്‍ കേസില്‍ അരവിന്ദാക്ഷന്‍ കോടതിയില്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ ഡി രാഷ്ട്രീയം കളിക്കുകയാണെന്ന് വടക്കാഞ്ചേരി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ അരവിന്ദാക്ഷന്‍ കോടതിയില്‍. ഇ ഡി കഥ മെനയുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും അരവിന്ദാക്ഷന്‍ കോടതിയില്‍ പറഞ്ഞു. തന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ടിലൂടെ 63 ലക്ഷം രൂപയുടെ ഇടപാട് നടന്നെന്ന് ഇ ഡി തെറ്റിദ്ധരിപ്പിച്ചെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ അരവിന്ദാക്ഷന്‍ ചൂണ്ടിക്കാട്ടി.
കരുവന്നൂര്‍ കേസില്‍ രാഷ്ട്രീയ താത്പര്യത്തോടെയാണ് അന്വേഷണ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന ബുള്‍ഡോസറായി ഇഡി മാറുകയാണെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു. അതേസമയം പെരിങ്ങണ്ടൂര്‍ ബാങ്ക് സെക്രട്ടറി അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. ബാങ്ക് സെക്രട്ടറി അന്വേഷണ ഏജന്‍സിയെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചു. സെക്രട്ടറിക്കെതിരെ നടപടി ആവശ്യമാണെന്ന് ഇഡി കോടതിയില്‍ വാദിച്ചു. പി ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയില്‍ വാദം മറ്റന്നാള്‍ തുടരും.
കലൂരിലെ പി എം എല്‍ എ കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിച്ചത്. ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കാനിരിക്കെ പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം മാറ്റിവയ്ക്കുകയായിരുന്നു. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. വടക്കഞ്ചേരി നഗരസഭ കൗണ്‍സിലര്‍ മധു അമ്പലപുരം, സി കെ ജില്‍സിന്റെ ഭാര്യ ശ്രീലത എന്നിവരെ ഇ ഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ ഏജന്‍സി. ഈ മാസം 31ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം. പി ആര്‍ അരവിന്ദാക്ഷന്‍, പി സതീഷ്‌കുമാര്‍, പിപി കിരണ്‍, സി കെ ജില്‍സ് എന്നിവരാണ് ആദ്യ കുറ്റപത്രത്തിലെ പ്രതികള്‍.
Story Highlights: ED plays politics in Karuvannur case says PR Aravindakshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here