Advertisement

സമസ്ത മേഖലയിലും രാജ്യം വളരുന്നു; മണിപ്പൂരിൽ സംഭവിച്ചതിന് പിന്നിൽ നമ്മുടെ പരസ്പര വിശ്വാസക്കുറവാണ്: മോഹൻ ഭാഗവത്

October 24, 2023
Google News 2 minutes Read

കായിക രംഗത്തും നയതന്ത്ര രംഗത്തും സാമ്പത്തിക രംഗത്തും രാജ്യം വളരുകയാണെന്ന് ആർഎസ്എസ് മോഹൻ ഭാഗവത്. ലോകത്തിനായി ഭാരതത്തിന് എന്ത് നൽകാൻ സാധിക്കും എന്നത് പ്രകടിപ്പിക്കാനുള്ള സമയം വന്നെത്തിയിരിക്കുകയാണ്.

എല്ലാ കാര്യത്തിലും നമ്മുടേതായ ആശയങ്ങൾ മുൻനിർത്തി പ്രവർത്തിക്കണം. മണിപ്പൂരിൽ സംഭവിച്ചതിന് പിന്നിൽ നമ്മുടെ പരസ്പര വിശ്വാസക്കുറവാണ്. അവിടെ നൽകേണ്ടത് ഏകതയുടെ സന്ദേശമാണ്. എല്ലാവരും അതിനായി പ്രയത്‌നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ജി20 ഉച്ചകോടി വളരെ ഭംഗിയായി ഭാരതത്തിൽ അരങ്ങേറി. നമ്മുടെ ആതിഥ്യമര്യാദ ലോകം മനസിലാക്കി. നമ്മുടെ സംസ്‌കാരത്തെ അവർ വീക്ഷിച്ചു. ചരിത്രത്തിൽ ആദ്യമായി മനുഷ്യ കേന്ദ്രീകൃതമായും കേന്ദ്രീകൃതമായും വനിതാ ശക്തി കേന്ദ്രീകൃതമായും ചർച്ചകൾ നടത്തി. സാഹചര്യത്തിന് അനുസരിച്ച് സമൂഹവും മാറി ചിന്തിക്കണമെന്നും മൂല്യങ്ങൾ സംരക്ഷിച്ചു കൊണ്ട് എല്ലാവരും മാറ്റങ്ങൾക്ക് വിധേയരാകരാകണമെന്നും നാഗ്പൂരിൽ നടത്തിയ വിജയദശമി സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഏഷ്യൻ ഗെയിംസിൽ 100 ൽ അധികം മെഡലുകൾ നമ്മുടെ കായിക താരങ്ങൾ രാജ്യത്തിനായി സ്വന്തമാക്കി. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി നാം വളർന്നു. ഡിജിറ്റൽ വിനിമയത്തിലും നമ്മൾ വളരെ മുന്നിലാണ്. എല്ലാ മേഖലയിലും നാം വളരുകയാണ്. ഭാരതത്തിന്റെ ഈ അമൃതകാലം കാണുന്നതിനുള്ള ഭാഗ്യം നമുക്ക് ലഭിച്ചിരിക്കുന്നു.

രാമൻ കരുണയുടേയും മര്യാദയുടേയും പ്രതീകമാണ്. ആ സന്ദേശമാണ് അയോദ്ധ്യയിൽ നിന്നും ഉയരുന്നത്. ഒരു ആശയത്തെ മുന്നിൽവെച്ച് മറ്റൊരു ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നവരിൽ നിന്നും നാം അകന്നു നിൽക്കേണ്ടതുണ്ട്. അവരുടെ ലക്ഷ്യങ്ങൾ രാജ്യത്തിന് വിനാശം വരുത്തിവെക്കാനുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: RSS chief Mohan Bhagwat on RSS Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here