തമിഴ്‌നാട് രാജ്‌ഭവന് നേരെ പെട്രോൾ ബോംബെറിഞ്ഞു; യുവാവ് പിടിയിൽ

തമിഴ്‌നാട്ടിൽ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് പെട്രോൾ ബോംബെറിഞ്ഞു. രാജ്‌ഭവന്റെ പ്രധാന ഗേറ്റിലേക്കാണ് പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കറുക്ക വിനോദ് എന്നയാളാണ് അറസ്റ്റിലായത്. സൈദാപേട്ട് കോടതി പരിസരത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളിൽ നിന്ന് പെട്രോൾ മോഷ്ടിച്ച വിനോദ് രണ്ട് കുപ്പികളിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി രാജ്ഭവനിലെ പ്രധാന ഗേറ്റിലേക്ക് എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.(Petrol bomb thrown at Tamil Nadu Governor’s house)
പ്രതി തമിഴ്നാട് ഗവർണർ ആർഎൻ രവിക്കെതിരെ മുദ്രാവാക്യം വിളിച്ചു. നീറ്റ് വിരുദ്ധ ബില്ലിൽ ഒപ്പിടാത്തത്തിലുള്ള പ്രതിഷേധമാണ് തന്റെ ആക്രമണത്തിന് കാരണമെന്നാണ് വിനോദ് പൊലീസിനോട് പറഞ്ഞത്. രണ്ട് പെട്രോൾ ബോംബുകൾ കൂടി എറിയുന്നതിന് മുമ്പ് പ്രധാന ഗേറ്റിൽ നിലയുറപ്പിച്ച പോലീസ് സംഘം ഇയാളെ തടഞ്ഞുവച്ചിരുന്നു.
രാജ്ഭവനെതിരെ ബോംബേറ് ഡിഎംകെ സർക്കാർ സ്പോൺസർ ചെയ്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ കുറ്റപ്പെടുത്തി. 2022-ൽ ചെന്നൈയിലെ ബിജെപിയുടെ ഓഫീസിന് നേരെ പെട്രോൾ ബോംബെറിഞ്ഞതിന് വിനോദ് അറസ്റ്റിലായിരുന്നു.
Story Highlights: Petrol bomb thrown at Tamil Nadu Governor’s house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here