Advertisement

ഭരണഘടന പറയുന്നത് ഇന്ത്യ എന്നാൽ ഭാരതം എന്നാണ്, പേരുമാറ്റം ഭരണഘടനാ വിരുദ്ധമല്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

October 26, 2023
Google News 2 minutes Read
ncert panel for replacing india with bharat Arif Mohammad Khan reaction

ഭരണഘടന പറയുന്നത് ഇന്ത്യ എന്നാൽ ഭാരതം എന്നാണെന്നും NCERT-യിലെ പേരുമാറ്റം ഭരണഘടനാ വിരുദ്ധമല്ലെന്നും വാദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭാരത് എന്ന പേര് കൂടുതലായി ഉപയോഗിക്കും എന്ന് മാത്രമാണ് പറഞ്ഞത്. ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടിട്ടില്ല. രണ്ട് പേരുകളും ഭരണഘടനയിൽ ഉള്ളതാണെന്നും ​ഗവർണർ പറഞ്ഞു.

ശിശുക്ഷേമ സമിതിക്കെതിരെ ഉയർന്നത് ഗുരുതരമായ പരാതികളാണെന്നും കേന്ദ്ര സാമുഹ്യ നീതി മന്ത്രാലയത്തിന് പരാതി അയച്ചുവെന്നും ഗവർണർ പറഞ്ഞു. പദവി ഒഴിയുന്നതാണ് ഉചിതമെന്ന് മന്ത്രാലയം മറുപടിയിൽ അറിയിച്ചു. ഈ സാഹചര്യത്തിലാണ് രക്ഷാധികാരി സ്ഥാനത്ത് നിന്ന് മാറാൻ തീരുമാനിച്ചത്. ഉയർന്നുവന്ന പരാതികളിൽ സർക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്നും ​ഗവർണറർ വ്യക്തമാക്കി.

മു​ഗളന്മാർക്കും സുല്‍ത്താന്മാർക്കും ബ്രിട്ടീഷുകാർക്കും മാത്രം പ്രാധാന്യം നല്‍കിയുള്ള ചരിത്രം പഠിപ്പിക്കുന്നതില്‍ നിന്ന് ഒരു മാറ്റമാണ് ഭാരത് എന്ന പേരുമാറ്റത്തിലൂടെ പ്രധാനമായും ഉദ്ദേശിച്ചതെന്ന് എന്‍ സി ഇ ആര്‍ ടി സാമൂഹിക ശാസ്ത്ര സമിതി ചെയര്‍മാനും ചരിത്രകാരനുമായ പ്രൊഫസര്‍ സി.ഐ ഐസക് വാദിക്കുന്നു. കുളച്ചല്‍ യുദ്ധമുള്‍പ്പെടെ ഇന്ത്യക്കാരുടെ പോരാട്ടങ്ങള്‍ക്ക് ചരിത്രപുസ്തകങ്ങളില്‍ വേണ്ട പ്രാധാന്യം ലഭിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.

സുല്‍ത്താന്‍മാരുടെയും ബ്രിട്ടീഷുകാരുടെയും ചരിത്രമാണ് പഠിപ്പിക്കുന്നത് അതിനൊരുമാറ്റം വരണമെന്നാണ് ഉദ്ദേശിച്ചത്. ഇന്ത്യയുടെ പൈതൃകം പഠിച്ചുവളരുന്ന കുട്ടികള്‍ ഭാവിയില്‍ ഭീകരവാദത്തിലേക്ക് പോവില്ല..ഇതിന് പുറമേ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എല്ലാ ക്‌ളാസുകളിലും നിര്‍ബന്ധമായും എഴുതി പ്രദര്‍ശിപ്പിക്കണമെന്നതുള്‍പ്പെടെയുളള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. താന്‍ ഉന്നയിച്ച വിഷയം പൊതുജനങ്ങള്‍ ചര്‍ച്ചചെയ്യുന്നതില്‍ ആത്മ സംതൃപ്തി തോന്നുന്നുണ്ടെന്നും തന്‌റെ അധ്വാനത്തിന് ഫലം ലഭിച്ചെന്നും സി.ഐ ഐസക് പറയുന്നു.

ഭാരതം എന്ന് പറയുന്നതിന് ഇവിടെയാരും എതിരല്ലെന്നും എന്നാൽ അങ്ങനെയേ പറയാവൂ എന്ന് പറയുന്നതാണ് തെറ്റെന്നും സിപിഐഎം നേതാവ് എ. വിജയ രാഘവൻ പറഞ്ഞു. മധ്യകാല മൂല്യങ്ങളിലേക്കുള്ള മടക്ക യാത്രയ്ക്ക് വേണ്ടിയുള്ള പൊതു ബോധ നിർമ്മിതിയാണ് നടത്തുന്നത്. വിദ്യാഭ്യാസ സാംസ്ക്കാരിക മേഖലയിൽ ആർഎസ്എസ് താല്പര്യം നടപ്പാക്കാനാണ് ശ്രമം.

കേന്ദ്രത്തിന്റേത് സവർക്കറുടെ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. ശാസ്ത്ര തത്വങ്ങൾ കേന്ദ്രം അവഗണിക്കുന്നു. അംബേദ്‌കർ പറഞ്ഞത് ഇന്ത്യ എന്ന പേരാണ്. ഭാരതമെന്നാക്കാൻ ഇപ്പോൾ പ്രകോപനമെന്ത് എന്നും അദ്ദേഹം ചോദിച്ചു. മോദി സര്‍ക്കാരിന് ‘ഇന്ത്യ’എന്ന പേരിനെ പേടിയാണെന്നും ആ ഭയത്തിന് പിന്നില്‍ ‘ഇന്ത്യ’ മുന്നണിയാണെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

ഭാരതം എന്നതോ ഇന്ത്യ എന്നതോ അല്ല കേന്ദ്രത്തിന്‍റെ പ്രശ്‌നമെന്നും പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യാണ് പ്രകോപനത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പുരാണങ്ങളെ ആര്‍എസ്എസ് നിര്‍മ്മിത പുരാണങ്ങളാക്കി മാറ്റി ഹിന്ദുത്വത്തിലേക്കും വര്‍ഗീയതയിലേക്കും മാറ്റാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നായതാണ് കേന്ദ്രത്തിന്റെ ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാവിവല്‍ക്കരിക്കാനുള്ള ശ്രമത്തിലേക്ക് കേന്ദ്രം പോകണ്ടതില്ലെന്നും ആര്‍എസ്എസ്സുകാരന്റെ തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന പേരെന്നും എംവി ​ഗോവിന്ദൻ ഓര്‍മ്മിപ്പിച്ചു.

Story Highlights: ncert panel for replacing india with bharat Arif Mohammad Khan reaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement