‘ലജ്ജാകരം’: ഗസ്സ വെടിനിർത്തൽ സംബന്ധിച്ച യുഎൻ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ പ്രിയങ്ക ഗാന്ധി

ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് കൊണ്ട് യുഎൻ ജനറൽ അസംബ്ലിയിൽ പാസാക്കിയ പ്രമേയത്തിൻ്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നടപടി ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന് പ്രിയങ്ക ആരോപിച്ചു. യുഎൻജിഎ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നത് ഒരു രാഷ്ട്രമെന്ന നിലയിൽ ഇതുവരെ നിലകൊണ്ട എല്ലാത്തിനും എതിരാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
“മനുഷ്യരാശിയുടെ മുഴുവൻ നിയമങ്ങൾ കാറ്റിൽ പറത്തുമ്പോഴും, ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം, ആശയവിനിമയം, വൈദ്യുതി എന്നിവ നിഷേധിക്കപ്പെടുമ്പോഴും, പലസ്തീനിലെ ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉന്മൂലനം ചെയ്യപ്പെടുമ്പോഴും അതിനെതിരെ ഒരു നിലപാടും എടുക്കാതെ നിശബ്ദമായി നോക്കിനിൽക്കുന്നത് ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ രാജ്യം ഇക്കാലമത്രയും നിലകൊണ്ട എല്ലാത്തിനും എതിരാണ്” – കോൺഗ്രസ് നേതാവ് ട്വീറ്റ് ചെയ്തു.
“കണ്ണിന് പകരം കണ്ണ് എന്ന ചിന്ത ലോകത്തെ മുഴുവൻ അന്ധരാക്കുന്നു”- മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് പ്രിയങ്ക തുടർന്നു. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയ ഹമാസ് ഭീകരസംഘടനയെക്കുറിച്ച് പരാമർശമില്ലാത്തതിനാലാണ് പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത്. യുഎൻ പൊതു സഭയിൽ ജോർദാൻ മുന്നോട്ട് വച്ച പ്രമേയത്തിന് ബംഗ്ലാദേശ്, മാലിദ്വീപ്, പാകിസ്താൻ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 40 ലധികം രാജ്യങ്ങൾ പിന്തുണച്ചു. ഗസ്സയിലേക്ക് സഹായം എത്തിക്കുക, സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയായിരുന്നു പ്രമേയത്തിലെ മറ്റ് പ്രധാന ആവശ്യങ്ങൾ.
Story Highlights: Priyanka Gandhi’s Big Statement As India Abstains UN Vote On Gaza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here