യുഎൻ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന കേന്ദ്ര നയത്തിനെതിരെ പ്രതിഷേധം; ഡൽഹിയിൽ ഇന്ന് സിപിഐഎമ്മിന്റെ പലസ്തീൻ അനുകൂല ധർണ

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം ഇന്ന് ഡൽഹിയിൽ ധർണ നടത്തും.ഐക്യരാഷ്ട്രസഭയിലെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന കേന്ദ്ര സർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ചാണ് ധർണ. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര കമ്മറ്റി- പോളിറ്റ് ബ്യൂറോ അംഗങ്ങളും പങ്കെടുക്കും. ഉച്ചക്ക് 12 മണിക്ക് സിപിഐഎം കേന്ദ്രകമ്മിറ്റി ആസ്ഥാനമായ എകെജി ഭവന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. സമീപകാലത്ത് മുഴുവൻ കേന്ദ്ര നേതാക്കളെയും പങ്കെടുപ്പിച്ചു സിപിഐഎം നടത്തുന്ന പ്രതിഷേധ പരിപാടിയാണിത്. (CPIM to hold pro-Palestine protest at Delhi)
ഗസ്സയിൽ വെടിനിർത്തൽ ഉൾപ്പെടെ ആവശ്യപ്പെടുന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് യു എസ് പൊതുസഭയിൽ ഇന്ത്യ വിട്ടുനിന്നതിനെതിരെ സിപിഐ-സിപിഐഎം സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയെ അമേരിക്കയുടെ അടിമയാക്കി മാറ്റിയെന്നാണ് വിമര്‍ശനം. സ്വതന്ത്ര പലസ്തീന്‍ എന്ന ഇന്ത്യയുടെ ദീര്‍ഘകാല നിലപാടിനെ നിരാകരിക്കുന്നതാണ് നടപടിയെന്നും സിപിഐഎമ്മും സിപിഐയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. നേരത്തെ റഷ്യ യുക്രൈന്‍ സംഘര്‍ഷഘട്ടത്തിലും സമാനമായ പ്രമേയം സിപിഐഎമ്മും സിപിഐയും കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരുന്നു.
ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് അറുതി വേണമെന്ന പ്രമേയമാണ് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി പാസാക്കിയത്. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം ഉള്‍പ്പെടെ ഉള്‍ക്കൊള്ളുന്ന പ്രമേയം വലിയ ഭൂരിപക്ഷത്തിലാണ് പാസാക്കിയത്. ജോര്‍ദാന്‍ കൊണ്ടുവന്ന പ്രമേയം 120 രാജ്യങ്ങള്‍ അനുകൂലിച്ചു. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ 14 രാജ്യങ്ങളാണ് പ്രമേയത്തോട് വിയോജിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
Story Highlights: CPIM to hold pro-Palestine protest at Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here