ലോകകപ്പിൽ പാകിസ്താൻ്റെ മോശം പ്രകടനം; മുഖ്യ സെലക്ടർ ഇൻസമാം ഉൽ ഹഖ് രാജിവച്ചു

പാകിസ്താൻ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടർ ഇൻസമാം ഉൽ ഹഖ് രാജിവച്ചു. ലോകകപ്പിൽ പാകിസ്താൻ്റെ മോശം പ്രകടനത്തെ തുടർന്നാണ് മുൻ ക്യാപ്റ്റൻ കൂടിയായ ഇൻസമാം രാജിവച്ചത്. എന്നാൽ, താത്പര്യ വൈരുദ്ധ്യത്തെ തുടർന്നാണ് ഇൻസമാം സ്ഥാനമൊഴിഞ്ഞതെന്ന റിപ്പോർട്ടുകളുമുണ്ട്.
ലോകകപ്പിൽ പാകിസ്താൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ആകെ 6 മത്സരങ്ങളിൽ നിന്ന് രണ്ടെണ്ണത്തിൽ മാത്രമേ പാകിസ്താൻ വിജയിച്ചിട്ടുള്ളൂ. ഇത് ഇൻസ്മാമിൻ്റെ രാജിയിലേക്ക് വഴിതെളിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ, ജിയോ ന്യൂസിൻ്റെ റിപ്പോർട്ട് പ്രകാരം താത്പര്യ വൈരുദ്ധ്യത്തെ തുടർന്നാണ് ഇൻസമാം സ്ഥാനമൊഴിഞ്ഞത്. നിരവധി ക്രിക്കറ്റ് താരങ്ങളുടെ ഏജൻ്റായ യാസോ ഇൻ്റർനാഷണൽ ലിമിറ്റഡ് എന്ന കമ്പനിയിൽ നിക്ഷേപമുള്ളയാളാണ് ഇൻസമാം. താരങ്ങൾക്ക് ഏറെക്കാലമായി ശമ്പളം ലഭിക്കാത്തതിൽ യാസോ ഇൻ്റർനാഷണൽ ലിമിറ്റഡും പ്രതിക്കൂട്ടിലാണ്. ഇതേ തുടർന്നാണ് താരം രാജിവച്ചതെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഇക്കാര്യത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് ഇൻസമാം വാർത്താകുറിപ്പിൽ അറിയിച്ചു. ചോദ്യങ്ങൾ ഉയർന്നതിനാലാണ് രാജിയെന്നും കാര്യങ്ങൾ അറിയാതെയാണ് ആളുകൾ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2016 ഓഗസ്റ്റ് മുതൽ 2019 ജൂലായ് വരെ ഇൻസമാം മുഖ്യ സെലക്ടറായിട്ടുണ്ട്. 2023 ഏഷ്യാ കപ്പിനു മുന്നോടിയായാണ് താരത്തെ വീണ്ടും മുഖ്യ സെലക്ടറാക്കിയത്.
Story Highlights: Pakistan Chief Selector Inzamam ul Haq Resigns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here