ബില്ലുകൾ പാസാക്കാതെ തമിഴ്‌നാട് ഗവർണർ; സുപ്രിംകോടതിയെ സമീപിച്ച് സർക്കാർ

തമിഴ്‌നാട്ടിലെ ഗവർണർ സർക്കാർ പോര് സുപ്രിം കോടതിയിൽ. ബില്ലുകൾ പാസാക്കാത്ത ഗവർണർ ആർ എൻ രവിയുടെ നടപടിയ്‌ക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കണമെന്നാണ് സർക്കാർ ഹർജിയിലെ പ്രധാന ആവശ്യം. ( tamilnadu govt approaches supreme court against governor )
നിലവിൽ 12 ബില്ലുകളിലാണ് ഗവർണർ തീരുമാനമെടുക്കാതെ വച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടാകണം. മാത്രമല്ല, ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നും ഹർജിയിൽ സർക്കാർ ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാറിനെതിരെ രാഷ്ട്രീയ എതിരാളിയെ പോലെയാണ് ഗവർണർ പെരുമാറുന്നത്.
നിയമസഭ പാസാക്കുന്ന ബില്ലുകൾ, നിയമന ഉത്തരവുകൾ, സർക്കാർ നയങ്ങൾ എന്നിവയിലൊന്നിലും ഒപ്പുവയ്ക്കാത്ത ഗവർണറുടെ നടപടി ഏകപക്ഷീയവും ഭരണഘടന വിരുദ്ധവുമാണെന്നും ഹർജിയിൽ പറയുന്നു. മാസങ്ങളായി തുടരുന്ന ഗവർണർ സർക്കാർ പോരിന്റെ ഭാഗമായാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. രാജ് ഭവനു മുന്നിൽ പെട്രോൾ ബോംബെറിഞ്ഞ വിഷയത്തിൽ രാജ്ഭവൻ സർക്കാറിനെയും പൊലിസിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
Story Highlights: tamilnadu govt approaches supreme court against governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here