Advertisement

ഇന്ത്യൻ ബൗളർമാർക്ക് നൽകുന്നത് വ്യത്യസ്ത പന്ത്; അതുകൊണ്ടാണ് അവർ ഇത്ര നന്നായി പന്തെറിയുന്നത് എന്ന് മുൻ പാക് ക്രിക്കറ്റർ

November 3, 2023
Google News 7 minutes Read
indian bowlers hasan raza

ഐസിസിയ്ക്കും ബിസിസിഐയ്ക്കുമെതിരെ വിചിത്ര ആരോപണവുമായി മുൻ പാക് ക്രിക്കറ്റർ ഹസൻ റാസ. ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ മത്സരത്തിനു പിന്നാലെ പാകിസ്താനിൽ നടന്ന ഒരു ടെലിവിഷൻ ചർച്ചയിലാണ് ഹസൻ റാസയുടെ ആരോപണം. മത്സരത്തിൽ ശ്രീലങ്കയെ 55 റൺസിന് ഓൾ ഔട്ടാക്കിയ ഇന്ത്യ 302 റൺസിനു വിജയിച്ചിരുന്നു. (indian bowlers hasan raza)

ടിവി ഷോ അവതാരകൻ്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഹസൻ. ‘ഇന്ത്യൻ ബൗളർമാർ എറിയുന്നത് വ്യത്യസ്തമായ പന്തിലാവാൻ സാധ്യതയുണ്ടോ? കാരണം, ഇന്ത്യൻ ബൗളർമാർക്ക് ലഭിക്കുന്ന സീമും സ്വിങും അപാരമാണ്.’- അവതാരകൻ ചോദിച്ചു. ഈ ചോദ്യത്തിനാണ് ഹസൻ റാസ മറുപടി പറഞ്ഞത്.

‘ഇന്ത്യ ബാറ്റ് ചെയ്യുമ്പോൾ പന്ത് സാധാരണ രീതിയിലാണ് പെരുമാറുന്നത്. പക്ഷേ, അവർ പന്തെറിയാൻ തുടങ്ങുമ്പോൾ സീമും സ്വിങ്ങും കാണാം. ചില ഡിആർഎസ് തീരുമാനങ്ങളും ഇന്ത്യക്ക് അനുകൂലമായി. ഐസിസിയാണോ ബിസിസിഐ ആണോ അമ്പയർമാരാണോ ഇന്ത്യയെ സഹായിക്കുന്നതെന്ന് അറിയില്ല. എക്സ്ട്രാ കോട്ടിങ് ഉള്ള പന്തുപോലെ തോന്നുന്നു. ഇന്ത്യൻ ഇന്നിംഗ്സ് കഴിയുമ്പോൾ പന്ത് മാറ്റുന്നുണ്ടെന്ന് സംശയിക്കണം.”- ഹസൻ റാസ പറഞ്ഞു.

Read Also: സീ യൂ ലങ്ക…; ആധികാരികമായി സെമിയിലേക്ക് ടീം ഇന്ത്യ; വിജയം 302 റണ്‍സിന്‌

358 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയെ വെറും 55 റൺസിനാണ് ഇന്ത്യ എറിഞ്ഞിട്ടത്. തങ്ങളുടെ ആദ്യ പന്തുകളിൽ ഷമിയും സിറാജും ആദ്യ ഓവറിൽ ഷമിയും വിക്കറ്റ് വേട്ട ആരംഭിച്ചപ്പോൾ ശ്രീലങ്കയ്ക്ക് മറുപടിയുണ്ടായില്ല. ടൂർണമെൻ്റിലെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടം തികച്ച ഷമിയ്ക്കൊപ്പം മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ബുംറ, ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടൂർണമെൻ്റിൽ ഇന്ത്യൻ പേസർമാർ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ആദ്യ നാല് കളികളിൽ പുറത്തിരുന്ന ഷമി ഹാർദിക് പാണ്ഡ്യക്ക് പരുക്കേറ്റതുകൊണ്ട് മാത്രമാണ് ന്യൂസീലൻഡിനെതിരായ മത്സരത്തിൽ തിരികെയെത്തിയത്. ആ കളി അഞ്ച് വിക്കറ്റ് നേടിയ ഷമി ഇംഗ്ലണ്ടിനെതിരായ അടുത്ത കളിയിൽ 4 വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ലോകകപ്പുകളിൽ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരമെന്ന റെക്കോർഡും ഷമി സ്വന്തമാക്കി.

ജയത്തോടെ ഇന്ത്യ വീണ്ടും പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി. ഏഴ് മത്സരങ്ങളിൽ ഏഴും ജയിച്ചാണ് ഇന്ത്യയുടെ തേരോട്ടം. ഏഴിൽ ആറ് മത്സരങ്ങൾ ജയിച്ച ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. ഇന്ത്യക്കെതിരായ അടുത്ത കളി വിജയിക്കാനായാൽ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനം ഏറെക്കുറെ ഉറപ്പിക്കും.

Story Highlights: indian bowlers different ball hasan raza cricket world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here