ശബരിമലയില്‍ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ സുപ്രിം കോടതി അനുമതി

ശബരിമലയിൽ വിൽപന തടഞ്ഞ അരവണ നശിപ്പിക്കാൻ ഉത്തരവിട്ട് സുപ്രിം കോടതി. ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സംയുക്തമായി അരവണ നശിപ്പിക്കണം. കീടനാശിനിയുള്ള ഏലയ്ക്ക ഉപയോഗിച്ച് തയ്യാറാക്കിയെന്നായിരുന്നു ആരോപണം. (supreme court on sabarimala aravana case)
അരവണ ഭക്ഷ്യ യോഗ്യമാണെന്ന് പരിശോധന ഫലം വന്നെങ്കിലും കാലാവധി കഴിഞ്ഞിരുന്നു. സർക്കാർ മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നശിപ്പിക്കണമെന്ന് ഉത്തരവ്. ദേവസ്വം ബോർഡിൻ്റെ ഹർജിയിലാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
6.65 ലക്ഷം ടിന്‍ അരവണയാണ് കെട്ടിക്കിടക്കുന്നത്. ഏതാണ്ട് ഏഴ് കോടിയുടെ നഷ്ടം ഇതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടായെന്ന് ബോര്‍ഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ഗിരിയും അഭിഭാഷകന്‍ പി.എസ്. സുധീറും ചൂണ്ടിക്കാട്ടി. .അരവണയുടെ വില്‍പ്പന തടഞ്ഞ കേരള ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.
വാണിജ്യ താത്പര്യമുള്ള വിഷയങ്ങളില്‍ ഹൈക്കോടതി ഇടപെട്ടത് അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, പി.എസ്. നരസിംഹ എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഏലയ്ക്കയുടെ കരാര്‍ ലഭിക്കാത്ത വ്യക്തി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ഇടപെടല്‍ എന്നും കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ആരാധനാലയങ്ങളില്‍ വിതരണം ചെയ്യുന്ന പ്രസാദങ്ങള്‍ എല്ലാം ഭക്ഷ്യ സുരക്ഷാപരിശാധനയ്ക്ക് വിധേയമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഒരു മാര്‍ഗ്ഗരേഖ പുറത്തിറക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
Story Highlights: supreme court on sabarimala aravana case