Advertisement

‘കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി സൗജന്യ ചികിത്സ നല്‍കി, കേരളത്തെ സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനമാക്കും’: വീണാ ജോര്‍ജ്

November 3, 2023
Google News 2 minutes Read

കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കേരളത്തിനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് സാര്‍വത്രിക സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനമാണ് കേരളം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്‌സ നല്‍കിയതിന് 3 പ്രാവശ്യം സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘പൊതുജനാരോഗ്യം’ സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തെ സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനമാക്കാനാണ് പരിശ്രമിക്കുന്നത്. ആദ്യമായി സാന്ത്വന പരിചരണ നയം ആവിഷ്‌കരിച്ച സംസ്ഥാനമാണ് കേരളം. ഇപ്പോള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി. കിടപ്പ് രോഗികള്‍ക്ക് പാലിയേറ്റീവ് നഴ്‌സുമാരുടെ സേവനം കൂടാതെ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം കൂടി ഉറപ്പാക്കി. ഗൃഹ പരിചരണം ശാസ്ത്രീയമാക്കി.

സ്ത്രീകളുടെ വിളര്‍ച്ച കണ്ടെത്തി ചികിത്സിക്കുന്നതിന് വിവ കേരളം പദ്ധതി നടപ്പിലാക്കി. താലോലം, ഹൃദ്യം, ശ്രുതിതരംഗം പദ്ധതികള്‍ വിജയകരമായി തുടരുന്ന പദ്ധതികളാണ്. ഹൃദ്യം പദ്ധതിയിലൂടെ 6491 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ആശുപത്രി, ഡോക്ടര്‍, രോഗി അനുപാതത്തില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. നീതി ആയോഗ് സൂചികയില്‍ സംസ്ഥാനം തുടര്‍ച്ചയായി ഒന്നാമതാണ്. മാതൃമരണ നിരക്കും ശിശു മരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം.

ആഗോള തലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളാണ് ആരോഗ്യവും വിദ്യാഭ്യാസവും. ഇവ രണ്ടിലും കേരളം മുന്‍പന്തിയിലാണ്. കേരളം കൈവരിച്ച ആരോഗ്യ സൂചകങ്ങള്‍ പതിറ്റാണ്ടുകളായുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജിച്ചതാണ്. നവോത്ഥാന നായകര്‍ മുന്നോട്ട് നയിച്ച അറിവിന്റെ, സത്യത്തിന്റെ, വിദ്യാഭ്യാസത്തിന്റെ മുന്നേറ്റങ്ങള്‍ ഏറെ സഹായിച്ചു.

വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ആരോഗ്യം എന്നിവയില്‍ നാം ആര്‍ജിച്ച സാമൂഹിക ബോധ്യത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. കോഴിക്കോട് കണ്ടെത്തിയ നിപ വൈറസ് ബാധയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് കേരളത്തിന് കഴിഞ്ഞു. ഇതിന് ഒരേ മനസോടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ എല്ലാവരേയും നന്ദിയോടെ ഓര്‍ക്കുന്നതായി മന്ത്രി പറഞ്ഞു.

Story Highlights: Veena George about free health treatments

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here