കേരളീയം; ആദിവാസി വിഭാഗത്തെ ചിത്രീകരിച്ചത് സംബന്ധിച്ചുള്ള വിമർശനം പരിശോധിച്ച് തിരുത്തലുകൾ വരുത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ

കേരളീയത്തിന്റെ ഭാഗമായുള്ള പ്രദർശന പരിപാടിയിൽ ആദിവാസി വിഭാഗത്തെ ചിത്രീകരിച്ചത് സംബന്ധിച്ചുള്ള വിമർശനം ശ്രദ്ധയിൽപ്പെട്ടെന്നും ഇതിൽ പരിശോധന നടത്തുമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികവർഗ്ഗ വികസന വകുപ്പ് ഇത്തരത്തിലുള്ള ഒരു പ്രദർശനവും നടത്തുന്നില്ല. അത്തരത്തിലുള്ള എന്തെങ്കിലും കാര്യങ്ങൾ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് ഉചിതമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തലസ്ഥാന നഗരിയിൽ കേരളത്തിന്റെ അഭിമാനമായി ഇടത് ഗവൺമെന്റ് സംഘടിപ്പിക്കുന്ന കേരളീയത്തിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയതിൽ ശക്തമായ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കേരളീയത്തിൻ്റെ ഭാഗമായി കേരള ഫോക്ക്ലോർ അക്കാഡമി ആദിമം എന്ന പേരിൽ കനകക്കുന്നിലാണ് ലിവിങ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
സംവിധായിക ലീല സന്തോഷ് ഉൾപ്പെടെയുള്ളവർ ആദിവാസികളെ പ്രദർശന വസ്തുവാക്കിയതിനെതിരെ രൂക്ഷ ഭാഷയിലാണ് പ്രതികരിച്ചത്. മനുഷ്യരെ പ്രദർശനവസ്തുവാക്കുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്, വേറെ ഏതെങ്കിലും സമുദായക്കാരെ അവിടെ അത്തരത്തിൽ നിർത്തിയിട്ടുണ്ടോ എന്നാണ് ലീല സന്തോഷ് ട്വൻ്റിഫോർ വെബിനോട് പ്രതികരിച്ചത്. ഇത്തരത്തിൽ ചെയ്യുന്നത് എന്ത് മേസേജാണ് നൽകുകയെന്നും അവർ രോഷം പ്രകടിപ്പിച്ചു.
കേരളീയം പരിപാടിയുടെ ഭാഗമായി പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് യൂണിവേഴ്സിറ്റി കോളേജിൽ സംഘടിപ്പിക്കുന്ന ട്രേഡ് ഫെയർ, ഫുഡ് ഫെസ്റ്റിവൽ എന്നിവ വളരെ വിജയകരമായി നടന്നു വരികയാണെന്ന് മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു. പതിനായിരങ്ങളാണ് ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. തദ്ദേശീയ ജനതയുടെ പരമ്പരാഗത ജീവിത രീതികളും ചരിത്രവും പഠന വിധേയമാക്കാനും അടുത്തറിയാനും ഈ പ്രദർശനം സഹായിക്കുന്നുണ്ട്. ട്രേഡ് ഫെയറിന്റെ ഭാഗമായി 30 സ്റ്റാളുകളും 15 ഫുഡ് കോർട്ടുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അവിടെ നല്ല രീതിയിൽ വിൽപ്പനയും നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: K. Radhakrishnan Responding Keraleeyam Adivasi controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here