Advertisement

ഒറ്റയ്ക്ക് പൊരുതി മാക്‌സ്‌വെല്‍; അഫ്ഗാനിസ്ഥാനെതിരെ ഓസീസിന് നാടകീയ ജയം

November 7, 2023
Google News 1 minute Read

അഫ്ഗാനിസ്ഥാനെതിരെ ഓസീസിന് നാടകീയ ജയം. തോല്‍വി മുന്നില്‍ കണ്ട് ഏഴിന് 91 എന്ന നിലയില്‍ നില്‍ക്കെ മാക്‌സ്‌വെല്‍ പുറത്താവാതെ നേടിയ ഇരട്ട സെഞ്ചുറിയാണ് (201) ഓസീസിന് രക്ഷയായത്. മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാനിസ്ഥാൻ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസീസ് 46.5 പന്തില്‍ ലക്ഷ്യം മറികടന്നു.

തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. രണ്ടാം ഓവറില്‍ ട്രാവിസ് ഹെഡിനെ (0) നവീന്‍ മടക്കി. വിക്കറ്റ് കീപ്പര്‍ ഇക്രം അലിഖിലിന് ക്യാച്ച്. മൂന്നാമനായി തിരിച്ചെത്തിയ മിച്ചല്‍ മാര്‍ഷ് ഓസീസിന് പ്രതീക്ഷ നല്‍കി. 11 പന്തില്‍ 24 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ട് വീതം സിക്സും ഫോറും മാര്‍ഷിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. എന്നാല്‍ നവീന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആത്മവിശ്വാസത്തോടെ തുടങ്ങിയ ഡേവിഡ് വാര്‍ണറെ (18) അസ്മതുള്ള ഒമര്‍സായ് ബൗള്‍ഡാക്കി.

പിന്നാലെ ജോഷ് ഇന്‍ഗ്ലിസ് (0) സ്ലിപ്പില്‍ ഇബ്രാഹിം സദ്രാന് ക്യാച്ച്. അടുത്ത പന്തില്‍ ഗ്ലെന്‍ മാക്സ്വെല്‍ രക്ഷപ്പെടുകയായിരുന്നു. പന്ത് പാഡില്‍ സ്പര്‍ശിച്ചെന്ന് കരുതി അഫ്ഗാന്‍ റിവ്യൂ ചെയ്തെങ്കിലും ബാറ്റിലാണ് തട്ടിയത്. മര്‍നസ് ലബുഷെയ്ന്‍ (14) മാക്സ്വെല്‍ സഖ്യം രക്ഷപ്പെടുത്തുമെന്ന് തോന്നലുണ്ടാക്കി. എന്നാല്‍ റഹ്‌മത്ത് ഷായുടെ നേരിട്ടുള്ള ഏറില്‍ ലബുഷെയ്ന്‍ റണ്ണൗട്ടായി. പിന്നീടെത്തിയ മാര്‍കസ് (6) നിരാശപ്പെടുത്തി. മിച്ചല്‍ സ്റ്റാര്‍ക്കിനെ (3) റാഷിദ് ഖാനും മടക്കി. പിന്നീടായിരുന്നു മാക്‌സവെല്ലിന്റെ പോരാട്ടം. പാറ്റ് കമ്മിന്‍സിനെ (68 പന്തില്‍ 12) ഒരറ്റത്ത് നിര്‍ത്തി മാക്‌സി ഒറ്റയ്ക്ക് ജയിപ്പിച്ചു. 128 പന്ത് നേരിട്ട മാക്‌സി 10 സിക്‌സു 21 ഫോറും നേടി.

മോശം തുടക്കമായിരുന്നു അഫ്ഗാന് ലഭിച്ചത്. 38 റണ്‍സിനിടെ റഹ്‌മാനുള്ള ഗുര്‍ബാസിനെ (21) അഫ്ഗാന് നഷ്ടമായി. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റഹ്‌മത്ത് ഷാ (30) സദ്രാന്‍ സഖ്യം 121 റണ്‍സ് കൂട്ടിചേര്‍ത്തു. നല്ല രീതിയില്‍ കൂട്ടുകെട്ട് മുന്നോട്ട് പോകുമ്പോള്‍ റഹ്‌മത്ത് മടങ്ങി. ഗ്ലെന്‍ മാക്സ്വെല്ലിനായിരുന്നു വിക്കറ്റ്. വിക്കറ്റ് പോയെന്ന് മാത്രമല്ല, വേണ്ടത്ര വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ അഫ്ഗാന്‍ താരങ്ങള്‍ക്കായില്ല. ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷഹീദി (26), അസ്മതുള്ള ഒമര്‍സായ് (22), മുഹമ്മദ് നബി (12) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

നബി മടങ്ങുമ്പോള്‍ 45.3 ഓവറില്‍ അഞ്ചിന് 233 എന്ന നിലയിലായിരുന്നു അഫ്ഗാന്‍. പിന്നീടായിരുന്നു റാഷിദിന്റെ നിര്‍ണായക പ്രകടനം. ഇതിനിടെ സദ്രാന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 143 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സിന്റേയും എട്ട് ഫോറിന്റേയും അകമ്പടിയോടെയാണ് താരം 129 റണ്‍സെടുത്തത്. റാഷിദ് – സദ്രാന്‍ സഖ്യം 58 റണ്‍സ് നേടി.

അതേസമയം ഇന്ത്യൻ താരം കപിൽ ദേവ് ലോകകപ്പിൽ കുറിച്ച ഒരു റെക്കോർഡാണ് മാക്‌സ്‌വെൽ ഇതോടെ തകർത്തത്. ആറാം നമ്പറിൽ ബാറ്റിങിനിറങ്ങിയ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറെർന്ന റെക്കോർഡാണ് മാക്‌സ്‌വെൽ തകർത്തെറിഞ്ഞത് 1983 ലോകകപ്പിൽ സിംബാബയ്ക്കെതിരെ കപിൽ നേടിയ 175 റൺസാണ് ഇതോടെ പഴംകഥയായത്.

Story Highlights: Australia beat Afghanistan by three wickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here