‘കേരളീയത്തിന് ചെലവഴിച്ച പണം ധൂർത്തല്ല’, മൂലധന നിക്ഷേപം;എം വി ഗോവിന്ദൻ
കേരളീയത്തിന് ചെലവഴിച്ച പണം ധൂർത്തല്ലെന്നും മൂലധന നിക്ഷേപമാണെന്നും എം വി ഗോവിന്ദൻ.
കേരളീയം ജനങ്ങളുടെ ഉത്സവമായി മാറി. അടുത്ത വർഷം ഇതിലും മികച്ച രീതിയിൽ കേരളീയം ആഘോഷിക്കും. പ്രതിപക്ഷം പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. കോൺഗ്രസും ബിജെപിയും ഉൾപ്പെടെ കേരളീയത്തിൽ പങ്കെടുത്തു, എല്ലാവരും പങ്കെടുക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
കേരളീയത്തിന്റെ സമാപനസമ്മേളനത്തിൽ മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ പങ്കെടുത്തിരുന്നു.കേരളത്തിൽ നടക്കുന്ന ഒരു പ്രധാന പരിപാടി ആയതുകൊണ്ടാണ് പങ്കെടുത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നല്ല കാര്യങ്ങൾ ആര് ചെയ്താലും അംഗീകരിക്കും,കേരളീയം നല്ല പരിപാടിയാണ്. ബിജെപി കേരളീയത്തെ എതിർക്കുന്നതായി അറിയില്ല. മുഖ്യമന്ത്രി പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ നടത്തുന്നു. അത് കേൾക്കേണ്ട കാര്യമുണ്ടല്ലോ, വികസനത്തിന്റെ കാര്യത്തിൽ വിട്ടു നിൽക്കേണ്ട കാര്യമില്ലെന്നും
കണ്ണടച്ച് എതിർക്കേണ്ടതില്ലെന്നും ഒ.രാജഗോപാൽ പ്രതികരിച്ചു.
അതിനിടെ ഏഴു ദിവസങ്ങളായി തലസ്ഥാനത്ത് നടത്തിയ കേരളീയം -2023നെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നൽകി . സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ കോടികള്‍ ചിലവിട്ട് കേരളീയം നടത്തുന്നതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരളീയത്തിന്‍റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. കേരളീയം സമ്പൂര്‍ണ വിജയമായെന്നും എല്ലാവര്‍ഷവും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഐക്യമുണ്ടെങ്കില്‍ എന്തും നേടാമെന്ന് തെളിയിച്ചു. കേരളീയം സംസ്ഥാനത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. യുവനജങ്ങളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ചുരുങ്ങിയ ആളുകളാണ് സംഘാടകരായി ഉണ്ടായിരുന്നത്. എന്നിട്ടും പൂര്‍ണ വിജയമായി. കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെക്കുറിച്ച് ആലോചിച്ച് മനസില്‍ വേദന തങ്ങി നില്‍ക്കുകയാണ്.പലസ്തീൻ വിഷയത്തിൽ നിഷ്പക്ഷ നിലപാട് എടുക്കാനാവില്ല. പൊരുതുന്ന പലസ്തീന് ഒറ്റക്കെട്ടായി പിന്തുണ നല്‍കുകയാണ്. കേരളീയത്തിലെ സെമിനാറുകള്‍ മുന്നോട്ട് വച്ചത് സർക്കാർ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള സൂചനകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.
Story Highlights: M V Govindan reacts Keraleeyam Criticisms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here