പലസ്തീൻ ഐക്യദാർഢ്യ റാലിയുമായി കോൺഗ്രസ്; കോഴിക്കോട് കടപ്പുറത്ത് വമ്പിച്ച റാലി സംഘടിപ്പിക്കുമെന്ന് കെ.സുധാകരൻ

പലസ്തീൻ ഐക്യദാർഢ്യ റാലിയുമായി കോൺഗ്രസ്. പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് വമ്പിച്ച റാലി സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. ഈ മാസം 23 ന് വൈകുന്നേരം 4.30ന് ആണ് പലസ്തീൻ ഐക്യദാർഢ്യറാലി സംഘടിപ്പിക്കുന്നത്. വൻ ജനാവലിയെ അണിനിരത്തി പാലസ്തീൻ ഐക്യദാർഢ്യറാലി ചരിത്ര സംഭവമായി മാറ്റുമെന്ന് കെ സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിൽ രാഷ്ട്രീയ നേട്ടത്തിനും തെരഞ്ഞെടുപ്പ് ലാഭത്തിനുമായി പലസ്തീൻ ജനതയുടെ ദുർവിധിയെ ദുരുപയോഗം ചെയ്യുന്ന സിപിഐഎമ്മിന്റെ കപടത തുറന്നുകാട്ടുന്ന വേദി കൂടിയാകും കോൺഗ്രസ് സംഘടിപ്പിക്കുന്ന പാലസ്തീൻ ഐക്യദാർഢ്യ റാലിയെന്നും സുധാകരൻ വ്യക്തമാക്കി.
നിരപരാധികളായ പാലസ്തീൻകാരെയാണ് അവരുടെ മണ്ണിൽ ഇസ്രയേൽ അധിനിവേശ ശക്തി കൂട്ടക്കുരുതി നടത്തുന്നത്. പിറന്ന മണ്ണിൽ ജീവിക്കാനുള്ള പാലസ്തീൻ ജനതയുടെ അവകാശം ഹനിക്കുന്ന ഒരു നടപടിയെയും പിന്തുണയ്ക്കാൻ കോൺഗ്രസിനാവില്ല. ജവഹർലാൽ നെഹ്‌റു മുതൽ മൻമോഹൻ സിങ് വരെയുള്ള കോൺഗ്രസ് സർക്കാരുകൾ രാജ്യം ഭരിച്ചപ്പോൾ അന്തസ്സോടെയും സമാധനത്തോടെയും ആദരവോടെയും ജീവിക്കാനുള്ള പാലസ്തീൻ ജനതയുടെ ഉജ്വലമായ പോരാട്ടത്തിന് പിന്തുണ നൽകിയ പാരമ്പര്യമാണുള്ളത്. ഇതുതന്നെയാണ് കോൺഗ്രസ് എക്കാലവും ഉയർത്തി പിടിക്കുന്ന നിലപാടെന്ന് സുധാകരൻ പറഞ്ഞു.
ഇന്ത്യാ മഹാരാജ്യം ഇന്നുവരെ സ്വീകരിച്ചുപോന്നിരുന്ന മതേതര ജനാധിപത്യ മൂല്യങ്ങളെ തകിടം മറിച്ച് ഒരു പക്ഷം ചേർന്നുള്ള മോദി ഭരണകൂടത്തിന്റെ നിലപാടും നയവും സമീപനവും ലജ്ജാകരമാണെന്ന് സുധാകരൻ വിമർശിച്ചു.
Story Highlights: Congress with Palestine solidarity rally in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here