നാഷണല്‍ പ്രവാസി സാഹിത്യോത്സവ് വെള്ളിയാഴ്ച മദീനയില്‍

കലാലയം സാംസ്‌കാരിക വേദിയുടെ പതിമൂന്നാമത് സൗദി വെസ്റ്റ് നാഷനല്‍ പ്രവാസി സാഹിത്യോത്സവ് നവംബര്‍ 10ന് മദീനയില്‍ നടക്കും. 8 വിഭാഗങ്ങളില്‍ 67 കാലാ സാഹിത്യ വൈജ്ഞാനിക ഇനങ്ങളില്‍ 11 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. അസീര്‍, ജിദ്ദ നോര്‍ത്ത്, ജിദ്ദ സിറ്റി, യാമ്പു, മദീന, തായിഫ്, മക്ക, തബൂക്, ജിസാന്‍, തുടങ്ങിയ പത്ത് സോണുകളാണ് മറ്റുരയ്ക്കുക. പ്രാദേശിക യൂണിറ്റ് തലം മുതല്‍ മൂന്ന് ഘട്ടങ്ങളിലായി മല്‍സരിച്ച് ഒന്നാം സ്ഥാനത്തെത്തിയ 500 പ്രതിഭകള്‍ പങ്കെടുക്കും.(നഗരി : ദാന ഓഡിറ്റോറിയം, മദീന)
പ്രവാസം പുനര്‍നിര്‍വചിക്കാന്‍ യുവത്വത്തിന് സാധിക്കുന്നുവോ എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സംബന്ധിക്കുന്ന സംവാദവും, പാട്ടുകളുടെ സാംസ്‌കാരിക വിപ്ലവം എന്ന വിഷയത്തില്‍ സംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ചര്‍ച്ചയും സാഹിത്യോത്സവ് നഗരിയില്‍ നടക്കും. രാവിലെ 8ന് ഉദ്ഘാടന സമ്മേളനം നടക്കും. വൈകിട്ട് ആറിന് നടക്കുന്ന സമാപന സംഗമത്തില്‍ സാമൂഹിക, സാംസ്‌കാരിക പ്രതിനിധികള്‍ സംബന്ധിക്കും. ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി വിതരണവും അടുത്ത ദേശീയ സാഹിത്യോത്സവ് വേദിയുടെ പ്രഖ്യാപനവും നടക്കും.
സൗദി വെസ്റ്റിന്റെ വ്യത്യസ്തങ്ങളായ പ്രദേശങ്ങളില്‍നിന്നും എത്തുന്ന പ്രതിഭകള്‍ക്കും രക്ഷിതാക്കള്‍ക്കും കലാസ്വാദകര്‍ക്കുമായി വിപുലമായ സജ്ജീകരണങ്ങളാണ് സ്വാഗത സംഘത്തിന് കീഴില്‍ നടക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സാഹിത്യോത്സവ് കലാലയം സാംസ്‌കാരികവേദി സംഘടിപ്പിക്കുന്ന മുപ്പത് വയസ്സ് വരെയുള്ള യുവതി യുവാക്കള്‍ക്ക് വേണ്ടി പ്രവാസലോകത്ത് വ്യവസ്ഥാപിതമായി നടക്കുന്ന ഏക ശ്രേണീ മത്സരമാണ് സാഹിത്യോല്‍സവ്.
സംവാദാത്മകത നഷ്ടപ്പെടുകയും സര്‍വാധിപത്യത്തിലൂടെ അധികാര പ്രയോഗങ്ങള്‍ ശക്തിപ്പെടുകയും ചെയ്യുമ്പോള്‍ സര്‍ഗാത്മക ശ്രമങ്ങള്‍ക്ക് വലിയ മൂല്യമുണ്ട്. പ്രവാസി സാഹിത്യോല്‍സവ് പുതുതലമുറയില്‍ നല്‍കുന്ന സന്ദേശം ഇതാണ്. സമ്മിശ്ര സാംസ്‌കാരിക അന്തരീക്ഷത്തില്‍ കഴിയുന്നതിലൂടെ പ്രവാസം രൂപപ്പെടുത്തിയെടുത്ത വിശാല മാനവിക ബോധത്തെ ഉദ്ദീപിപ്പിക്കുക ലക്ഷ്യമാണ്. പ്രാദേശിക തലം മുതല്‍ പ്രവര്‍ത്തകര്‍ സംഘാടകര്‍ ആകുന്ന ജനകീയ വേദികളാണ് സാഹിത്യോത്സവുകള്‍.
കലാലയം സാംസ്‌കാരികവേദി രിസാല സ്റ്റഡി സര്‍ക്കിള്‍ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടനയാണ് കലാലയം സാംസ്‌കാരിക വേദി. പ്രവാസി യുവാക്കളുടെ സാംസ്‌കാരിക ഹിന്തകളും സര്‍ഗാത്മക വിചാരങ്ങളും പ്രകടനങ്ങളും പ്രോത്സാഹിപ്പിക്കുകയും സംവദങ്ങളിലൂടെ രാഷ്ട്രീയവും സാമൂഹികവും ആയ കാഴ്ചപ്പാടുകള്‍ ബലപ്പെടുത്തുകയും ലക്ഷ്യം വെക്കുന്നു. ഈ ആശയത്തില്‍ തുടര്‍ച്ചയായ സംഗമങ്ങളും പരിപാടികളും കലാലയം സംഘടിപ്പിച്ചു വരുന്നു.
ആര്‍ എസ് സി ഗ്ലോബല്‍ സെക്രട്ടറി നൗഫല്‍ എറണാകുളം, സൗദി വെസ്റ്റ് നാഷനല്‍ ജനറല്‍ സെക്രട്ടറി മന്‍സൂര്‍ ചുണ്ടമ്പറ്റ, ഭാരവാഹികളായ ഉമൈര്‍ മുണ്ടോളി, ഫസീന്‍ അഹമ്മദ്, ഇര്‍ഷാദ് കടമ്പോട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Story Highlights: National Pravasi Sahitya Festival will be held at Madina on friday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here