Advertisement

ശബരിമല തീര്‍ത്ഥാടനം; വിപുലമായ ആരോഗ്യ അവബോധ പ്രവര്‍ത്തനങ്ങള്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

November 12, 2023
2 minutes Read

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഇത്തവണ വിപുലമായ ആരോഗ്യ അവബോധ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍, അപ്പാച്ചിമേട്, നീലിമല, ചരല്‍മേട്, എരുമേലി എന്നിവിടങ്ങളിലെ ആശുപത്രികളിലൂടെയും ഇതിനിടയിലുള്ള 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളിലൂടെയും പ്രത്യേക സേവനങ്ങളാണ് ആരോഗ്യ വകുപ്പ് സജ്ജമാക്കുന്നത്.(Sabarimala Pilgrimage Health Awareness Activities)

Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്

ഇതുകൂടാതെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ക്കായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് എന്നീ 6 ഭാഷകളില്‍ അവബോധ പോസ്റ്ററുകളും ഓഡിയോ സന്ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പല ഭാഷകളില്‍ പരിശോധനാ ചോദ്യാവലിയും തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· നിലവില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സയിലിരിക്കുന്നവര്‍ ദര്‍ശനത്തിനായി എത്തുമ്പോള്‍ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ്.
· സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്.
· സാവധാനം മലകയറുക. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക.
· മല കയറുമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി ദര്‍ശനത്തിന് എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ നടത്തം ഉള്‍പ്പെടെയുള്ള ലഘു വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങേണ്ടതാണ്.
· മല കയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ മല കയറുന്നത് നിര്‍ത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.
· പാമ്പുകടിയേറ്റാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.
· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
· ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
· പഴങ്ങള്‍ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക
· പഴകിയതോ തുറന്ന് വെച്ചതോ ആയ ആഹാരം കഴിക്കരുത്.
· മലമൂത്രവിസര്‍ജ്ജനം തുറസായ സ്ഥലങ്ങളില്‍ നടത്തരുത്. ശൗചാലയങ്ങള്‍ ഉപയോഗിക്കുക. ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
· അടിയന്തിര സഹായത്തിനായി 04735 203232 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

Story Highlights: Sabarimala Pilgrimage Health Awareness Activities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top