മുതിർന്ന സിപിഐഎം നേതാവ് എൻ ശങ്കരയ്യ അന്തരിച്ചു

മുതിർന്ന സിപിഐഎം നേതാവ് എൻ ശങ്കരയ്യ(102) അന്തരിച്ചു. സിപിഐഎം സ്ഥാപക നേതാക്കളിൽ ഒരാളാണ്. പനിയും ശ്വാസതടസ്സവും മൂലം ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രായാധിക്യത്തെ തുടർന്ന് ഏതാനും വർഷമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
1964 ഏപ്രിൽ 11ന് സിപിഐ ദേശീയ കൗൺസിലിൽ നിന്ന് വി.എസ് അച്യുതാനന്ദനൊപ്പം ഇറങ്ങി, സിപിഐഎമ്മിന് രൂപം നൽകിയ 32 പേരില്‍ ഒരാളാണ് അദ്ദേഹം. ഓള്‍ ഇന്ത്യ കിസാന്‍ സഭ അധ്യക്ഷന്‍, സിപിഐഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1967, 1977, 1980 വർഷങ്ങളിൽ സിപിഐഎം അംഗമായി തമിഴ്നാട് നിയമസഭയിലെത്തി.
ഏഴ് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഏകദേശം എട്ട് വർഷത്തോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1941ൽ മധുര അമേരിക്കൻ കോളജിൽ അവസാന വർഷ വിദ്യാർത്ഥിയായിരിക്കെയാണ് അദ്ദേഹം ആദ്യമായി അറസ്റ്റിലാകുന്നത്.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പഠനം പൂർത്തിയാക്കാൻ അനുവദിക്കാതെ അദ്ദേഹത്തെ ബ്രിട്ടീഷ് സൈന്യം പിടികൂടി തടവിലാക്കുകയായിരുന്നു. 1947 ഓഗസ്റ്റിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദിവസം മുമ്പ് മോചിപ്പിക്കപ്പെട്ട നിരവധി കമ്മ്യൂണിസ്റ്റുകാരിൽ ഒരാളാണ് ശങ്കരയ്യ.
Story Highlights: Senior CPIM leader N Shankaraiah passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here