Advertisement

10 വയസുകാരിയെ എക്‌മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി എസ്.എ.ടി. ആശുപത്രി; അഭിനന്ദനവുമായി ആരോഗ്യമന്ത്രി

November 17, 2023
3 minutes Read

ഗുരുതരമായ എ.ആര്‍.ഡി.എസി.നൊപ്പം അതിവേഗം സങ്കീര്‍ണമാകുന്ന ന്യുമോണിയയും ബാധിച്ച തിരുവനന്തപുരം വാവറ അമ്പലം സ്വദേശിയായ 10 വയസുകാരിയെ എക്‌മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി. സംസ്ഥാനത്ത് ഇതാദ്യമായാണ് സര്‍ക്കാര്‍ മേഖലയില്‍ ശിശുരോഗ വിഭാഗത്തില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തിന് എക്‌മോ വിജയകരമായി നടത്തുന്നത്.(A 10-year old girl was rescued by SAT hospital)

ചികിത്സയും പരിചരണവും നല്‍കിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം ചെലവുവരുന്ന ചികിത്സ സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായാണ് എസ്.എ.ടി.യില്‍ ലഭ്യമാക്കിയത്.

Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്

ഒക്‌ടോബര്‍ 13നാണ് കുട്ടിയെ പനിയും ശ്വാസതടസവും കാരണം എസ്. എ.ടി. ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ ശ്വസിയ്ക്കാന്‍ ബുദ്ധിമുട്ടുന്ന കുഞ്ഞിനെ വെന്റിലേറ്റര്‍ സപ്പോര്‍ട്ട് നല്‍കി തുടര്‍ചികിത്സ ആരംഭിച്ചു.

എന്നാല്‍ വെന്റിലേറ്ററിന്റെ സഹായം നല്‍കിയിട്ടും കുട്ടിയുടെ ശ്വാസകോശത്തിന് 65% ഓക്‌സിജനേ തലച്ചോറിലേയ്ക്കും മറ്റ് അവയവങ്ങളിലേയ്ക്കും എത്തിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. അടുത്ത ഏതാനം മണിക്കൂറിനുള്ളില്‍ കുട്ടിയുടെ മറ്റ് ശരീരാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളും തകരാറിലാകാന്‍ തുടങ്ങി.

ഈ ഘട്ടത്തില്‍ കൂട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് എക്‌മോ മാത്രമായിരുന്നു മുന്നിലുള്ള മാര്‍ഗം. എക്‌മോ ചികിത്സയില്‍ ശരീരത്തില്‍ നിന്ന് രക്തം പുറത്തെടുക്കുകയും ശരീരത്തിന് പുറത്ത് ഓക്‌സിജന്‍ നല്‍കുകയും ശരീരത്തിലേയ്ക്ക് ഓക്‌സിജന്‍ അടങ്ങിയ രക്തം മടക്കി നല്‍കുകയും ചെയ്യുന്നു.

13ന് രാത്രി 09.30ന് അഡ്മിറ്റായ കുട്ടിയ്ക്ക് 14ന് രാത്രി 11.30 മണിയോടു കൂടി എക്‌മോ ചികിത്സ ആരംഭിച്ചു. ശ്വാസകോശത്തിന്റെ കാര്യക്ഷമത പതുക്കെ മെച്ചപ്പെട്ടുവരുകയും 10 ദിവസത്തിന് ശേഷം എക്‌മോ ചികിത്സ നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് വെന്റിലേറ്റര്‍ ചികിത്സ 28 വരെ തുടരുകയും ചെയ്തു. പിന്നീട് കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുകയും ഓക്‌സിജന്‍ സഹായമില്ലാതെ ശ്വസിക്കാനും കഴിഞ്ഞു. പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത കുട്ടിയെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യും.

Story Highlights: A 10-year old girl was rescued by SAT hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top