വിദ്യാർത്ഥികളെ നവകേരള സദസിലേക്ക് എത്തിച്ചാൽ തടയും; എംഎസ്എഫ്

വിദ്യാർത്ഥികളെ നവകേരള സദസിലേക്ക് എത്തിച്ചാൽ തടയുമെന്ന് എംഎസ്എഫ്. ക്ലാസുകൾ മുടക്കി കുട്ടികളെ കൊണ്ടുപോകുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് എംഎസ്എഫ് പ്രതികരിച്ചു. വിദ്യാർത്ഥികളെ നവകേരള സദസിലേക്ക് എത്തിക്കണമെന്ന് തിരൂരങ്ങാടി ഡിഇഒയുടെ നിർദേശത്തിന് പിന്നാലെയാണ് എംഎസ്എഫിന്റെ പ്രതികരണം. നവകേരള സദസിനെതിരെ സമരം ഉണ്ടാകില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നത്. ഇത് തള്ളുന്നതാണ് എംസ് എഫ് തീരുമാനം.
സ്കൂൾ കുട്ടികളെ നവകേരള സദസിൽ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് പറയുന്നത് ശരിയായ രീതിയല്ലെന്നാണ് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ഇതിനൊക്കെ മാതൃക മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ജനസമ്പർക്ക പരിപാടിയിൽ ഒരിക്കലും രാഷ്ട്രീയം പറഞ്ഞിരുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
നവകേരള സദസിന് ആളെ കൂട്ടാൻ സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാനധ്യാപകർക്ക് നിർദേശം നൽകിയത്. ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികൾ എങ്കിലും വേണമെന്നാണ് നിര്‍ദേശം.
Read Also: നവകേരള സദസിൽ 200 വിദ്യാർഥികളെ എത്തിക്കണം; കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്
അതേസമയം നവകേരള സദസ്സിന്‍റെ നാലാം ദിനമായ ഇന്ന് കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിൽ പര്യടനം തുടരും. ഇന്ന് തലശേരിയിൽ ചേരുന്ന മന്ത്രിസഭാ യോഗത്തോടെയാണ് പരിപാടികൾ ആരംഭിക്കുക .രാവിലെ കൂത്തുപറമ്പ് മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി. തുടർന്ന് മട്ടന്നൂർ , പേരാവൂർ മണ്ഡലങ്ങളിൽ കൂടി പര്യടനം നടത്തി കണ്ണൂർ ജില്ലയിൽ നിന്ന് വയനാട് ജില്ലയിലേക്ക് നവകേരള സദസ് പ്രവേശിക്കും.
Story Highlights: MSF Reacts Students Participation in Navakerala Sadas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here