ഗർബ നൃത്തം ഡീപ്പ് ഫേക്കെന്ന് പ്രധാനമന്ത്രി; അല്ല, അതിലുള്ളത് താനെന്ന് മോദിയുടെ അപരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണെന്ന തരത്തിൽ പ്രചരിക്കുന്ന ഗർബ നൃത്തം മോദിയുടെ അപരന്റേത്. മുംബൈയിലെ ഒരു ബിസിനസുകാരനും മോദിയുടെ അപരനുമായ വികാസ് മഹന്തെയാണ് ഗർബ നൃത്തം ചെയ്യുന്നത്. പ്രധാനമന്ത്രിയുടേത് എന്ന തരത്തിൽ പ്രചരിക്കുന്നത് തന്റെ വീഡിയോ ആണെന്ന് പറഞ്ഞ് വികാസ് മഹന്തെ തന്നെയാണ് രംഗത്തുവന്നത്. മുംബൈ കാന്തിവ്‌ലി നിവാസിയാണ് ഇദ്ദേഹം.
നരേന്ദ്ര മോദി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണെന്ന് തെറ്റിദ്ധരിച്ച് അവ ഡീപ്ഫേക്ക് വീഡിയോ ആണെന്ന് പ്രചാരണങ്ങൾ നടന്നിരുന്നു. താൻ ഗർബനൃത്തം ചെയ്യുന്നതിന്റെ വ്യാജ വിഡിയോ പുറത്തിറങ്ങിയിട്ടുണ്ടെന്നും നിർമിത ബുദ്ധിയുടെ സഹായത്തോടെ ഡീപ്ഫെയ്ക് ചിത്രങ്ങൾ ഇറങ്ങുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇത് ഡീപ് ഫേക്ക് അല്ലെന്നും തന്റെ വിഡിയോ ആണെന്നും അവകാശപ്പെട്ട് മുംബൈയിലെ ബിസിനസുകാരൻ രംഗത്തെത്തിയത്.
ലണ്ടനിൽ ഗുജറാത്തി സമാജത്തിന്റെ ദീപാവലി ആഘോഷത്തിനിടെ ഗർബ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഡീപ് ഫേക്ക് വിഡിയോ ആണെന്ന് പ്രധാനമന്ത്രി തെറ്റിധരിക്കപ്പെട്ടതിൽ പ്രയാസമുണ്ടെന്നും വികാസ് മഹന്തെ പറഞ്ഞു. ഡീപ് ഫേക്കിനെതിരെ നിയമം കടുപ്പിക്കണമെന്നാണ് സർക്കാരിനോട് വികാസ് മഹന്തെക്ക് ആവശ്യപ്പെടാനുള്ളത്.
Story Highlights: ‘Not deep-fake, it was me!’ says PM’s doppelganger over garba’s clip
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here