‘സാങ്കേതികവിദ്യയുടെ ദുരുപയോഗം ആശങ്കാജനകം’; ഡീപ്ഫേക്കിനെതിരെ സാറ ടെണ്ടുൽക്കർ
സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടിനും വ്യാപകമായി പ്രചരിക്കുന്ന ഡീപ്ഫേക്ക് ഫോട്ടോയ്‌ക്കെതിരെയും സാറ ടെണ്ടുൽക്കർ. സാങ്കേതികവിദ്യയുടെ ദുരുപയോഗം ആശങ്കാജനകമാണ്. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്ന് ഡീപ്ഫേക്ക് ചിത്രങ്ങൾ പങ്കിടുന്നുണ്ട്. ‘എക്സ്’ അത്തരം അക്കൗണ്ടുകൾ പരിശോധിച്ച് സസ്‌പെൻഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി സാറ പറഞ്ഞു.
അടുത്തിടെ @SaraTendulkar__ എന്ന ‘എക്സ്’ അക്കൗണ്ടിൽ നിന്ന് ഇന്ത്യൻ ഓപ്പണർ ബാറ്റ്സ്മാൻ ശുഭ്മാൻ ഗില്ലുമായി സാറ ടെണ്ടുൽക്കർ നിൽക്കുന്ന ഡീപ്ഫേക്ക് ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു. രണ്ട് ലക്ഷത്തി അമ്പതിനായിരത്തിലധികം ഫോളോവേഴ്സുള്ള അക്കൗണ്ടിൽ നിന്ന് ശുഭ്മാൻ ഗില്ലിന് പോലും സന്ദേശങ്ങൾ അയയ്‌ക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. ഇതിനിടെയയാണ് സാറയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സാറ വിമർശനം ഉന്നയിച്ചത്.
‘സന്തോഷവും സങ്കടവും ദൈനംദിന പ്രവർത്തനങ്ങളും പങ്കുവെക്കാനുള്ള നല്ലൊരു ഇടമാണ് സോഷ്യൽ മീഡിയ. എന്നാൽ സാങ്കേതികവിദ്യയുടെ ദുരുപയോഗം ആശങ്കാജനകമാണ്. അസത്യങ്ങൾ പങ്കുവയ്ക്കുന്ന വിനോദങ്ങൾ അപകടകരമാണ്. @SaraTendulkar__ എന്ന ‘എക്സ്’ അക്കൗണ്ട് വ്യാജമാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്’- സാറ കുറിച്ചു.
തനിക്ക് എക്സിൽ അക്കൗണ്ട് ഇല്ലെന്നും അത്തരം അക്കൗണ്ടുകളെ കുറിച്ച് അന്വേഷിച്ച് സസ്‌പെൻഡ് ചെയ്യണമെന്നും സാറ ആവശ്യപ്പെട്ടു. അതേസമയം പ്രസ്താവന പങ്കുവെച്ചതിന് തൊട്ടുപിന്നാലെ സാറ പോസ്റ്റ് നീക്കം ചെയ്തു. ഇതിന്റെ കാരണം വ്യക്തമല്ല. നേരത്തെ രശ്മിക മന്ദാന, കത്രീന കൈഫ്, കജോൾ അടക്കമുള്ള താരങ്ങൾ ഡീപ്ഫേക്കിന് ഇരയായിരുന്നു.
Story Highlights: Sara Tendulkar issues a statement on her deepfakes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here