കുസാറ്റ് ദുരന്തം: ‘ഹൃദയം നുറുങ്ങുന്നു, ദുഃഖം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല’ : നികിത ഗാന്ധി

കുസാറ്റ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ഗായിക നികിത ഗാന്ധി. അപകടത്തിലകപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബത്തോടൊപ്പമാണ് തന്റെ പ്രാർത്ഥനയെന്ന് നികിത ഗാന്ധി കുറിച്ചു. ( nikita gandhi on cusat stampede )
ഇൻസ്റ്റഗ്രാം പോസ്റ്റ് : ‘ഹൃദയം നുറുങ്ങുന്നു, കൊച്ചിയിൽ ഇന്ന് വൈകീട്ട് നടന്ന സംഭവം എന്നെ തകർത്തു. ഗാനനിശയ്ക്കായി ഞാൻ സംഭവസ്ഥലത്ത് എത്തും മുൻപേ തന്നെ അപകടം നടന്നിരുന്നു. ഈ അത്യന്തം ദുഃഖകരമായ അവസ്ഥയെ കുറിച്ച് പറയഞ്ഞറിയിക്കാൻ സാധിക്കില്ല. അപകടത്തിലകപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബത്തോടൊപ്പമാണ് എന്റെ പ്രാർത്ഥന’.
ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത നിശ ആരംഭിക്കാനിരിക്കെയാണ് കുസാറ്റിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ അപകടം സംഭവിക്കുന്നത്. കുസാറ്റിലെ ടെക്ക് ഫെസ്റ്റായ ‘ധിഷ്ണ’യുടെ അവസാന ദിനമായിരുന്നു ഇന്ന്. കലാശകൊട്ടായി നികിത ഗാന്ധിയുടെ ഗാനനിശയും സംഘടിപ്പിച്ചിരുന്നു. ഈ ഗാനനിശയാണ് ദുരന്തത്തിലേക്ക് വഴിമാറിയത്.
അപകടത്തിൽ 64 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. കളമശേരി മെഡിക്കൽ കോളജിലും, കിൻഡർ ആശുപത്രിയിലും, ആസ്റ്റർ മെഡിസിറ്റിലിയിലുമാണ് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും കൂടുതൽ ഡോക്ടർമാർ കളമശ്ശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കുസാറ്റിലെ ഓപ്പൺ സ്റ്റേജിൽ ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓപ്പൺ സ്റ്റേജിന് ഒരു ഗേറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. മഴപെയ്തപ്പോൾ ഈ ഗേറ്റ് വഴി ആയിരത്തിലധികം പേർ ഒരുമിച്ച് ഓടിക്കയറിയതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഓഡിറ്റോറിയത്തിൽ 700-800 വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. പുറത്ത് നിന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ കൂടി ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലും പെട്ടെ വിദ്യാർത്ഥികൾ വീഴുകയായിരുന്നു. പിൻനിരയിൽ നിന്നവരും വോളന്റിയർമാർക്കുമാണ് ഗുരുതര പരിക്കുകൾ സംഭവിച്ചത്. 13 പടികൾ താഴ്ച്ചായിലേക്കാണ് വിദ്യാർത്ഥികൾ വീണത്.
ഇന്ന് 7 മണിയോടെയാണ് കുസാറ്റിൽ അപകടം സംഭവിക്കുന്നത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ നാല് വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. 64 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്. 46 പേരെ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 15 പേരെ കിൻഡർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Story Highlights: nikita gandhi on cusat stampede
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here