മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി; കേരളത്തിൽ നിന്ന് ഒരാൾകൂടി കസ്റ്റഡിയിൽ
മുംബൈ വിമാനത്താവളം ബോംബ് ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ
കേരളത്തിൽ നിന്ന് ഒരാളെ കൂടി എ.ടി.എസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ ചൂട്ടയിൽ സ്വദേശി ഫെബിനെയാണ് (23) കസ്റ്റഡിയിലെടുത്തത്. ഷെയർ മാർക്കറ്റിൽ ഓൺലൈൻ വ്യാപാരം ചെയ്യുന്നയാളാണ് ഫെബിൻ. സംഭവത്തിൽ ഇന്നലെ അമീൻ എന്നയാളെ തിരുവനന്തപുരത്തു നിന്ന് എ.ടി.എസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇക്കഴിഞ്ഞ 23 നു രാവിലെ ഇ മെയിൽ വഴിയിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.
പത്തു ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്‌കോയിന്‍ ആയി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. വ്യാഴാഴ്ച രാവിലെ 11നു മുംബൈ വിമാനത്താവള അധികൃതര്‍ക്കു ഭീഷണി സന്ദേശം ഇ-മെയിലില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് എടിഎസ് അന്വേഷണം ആരംഭിച്ചത്.
‘ഇതു വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. പത്തു ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്‌കോയിനായി നിശ്ചിത മേല്‍വിലാസത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ രണ്ടാം ടെര്‍മിനല്‍ തകര്‍ക്കും. 24 മണിക്കൂറിന് ശേഷം അടുത്തു മുന്നറിയിപ്പു നല്‍കും.’ – ഇതായിരുന്നു ഭീഷണി സന്ദേശം.
വിമാനത്താവളത്തില്‍നിന്നു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സഹര്‍ പൊലീസ് കേസെടുത്തു. ഇതിനു സമാന്തരമായി എടിഎസ് സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഐപി വിലാസം പിന്തുടര്‍ന്നതോടെ മെയില്‍ അയച്ചത് കേരളത്തില്‍നിന്നാണെന്നു കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ എടിഎസ് സംഘം കേരളത്തിലേക്കു പറന്നെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Story Highlights: One more arrest in for threatening to destroy mumbai airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here