കുസാറ്റ് അപകടം: മന്ത്രിമാർ ദുരന്തസ്ഥലം സന്ദർശിക്കും

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടസ്ഥലം മന്ത്രിമാർ സന്ദർശിക്കും. മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു എന്നിവരാണ് കുസാറ്റിൽ എത്തുക. രാവിലെ 8.30 മണിയോടെ മന്ത്രിമാര്‍ സംഭവസ്ഥലം സന്ദർശിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. നേരത്തെ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ചികിത്സയിലുള്ള ആശുപത്രികൾ മന്ത്രിമാരുടെ സംഘം സന്ദർശിച്ചിരുന്നു.
തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെയും പോസ്റ്റ്‌മോർട്ടം ഉടൻ പൂർത്തിയാക്കും. ഒരേസമയം കളമശ്ശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്‌മോർട്ടം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മുൻപായി മൃതദേഹങ്ങൾ വിട്ടു നൽകും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുസാറ്റിൽ പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്. കൂത്താട്ടുകളും സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശേരി സ്വദേശി സാറ തോമസ് എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് ആണ് മരിച്ച നാലാമത്തെയാൾ.
അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 38 ഓളം പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ ഉള്ളത്. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും ഒരേ പരിക്ക്. കരൾ, മസ്തിഷ്കം, ശ്വാസകോശം എന്നിവയ്ക്കാണ് കൂടുതൽ പരിക്കും. അതിനിടെ, പത്തടിപ്പാലം കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ച 18 പേരിൽ 16 പേർ ആശുപത്രി വിട്ടു. 2 പേർ മാത്രമാണ് ഇവിടെ ചികിത്സയിലുള്ളത്.
Story Highlights: Cusat disaster: Ministers to visit disaster site
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here