Advertisement

‘വന്നിട്ട് ചികിത്സിക്കുന്നതിലല്ല, വരാതെ നോക്കുന്നതിലാണ് കാര്യം’; ആള് കൂടുന്ന പരിപാടികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റ്

November 26, 2023
2 minutes Read
cusat disaster fb post

കുസാറ്റിലെ അപകടവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റുമായി ടിസി രാജേഷ് സിന്ധു. വന്നിട്ട് ചികിത്സിക്കുന്നതിലല്ല, വരാതെ നോക്കുന്നതിലാണ് കാര്യം എന്ന് അദ്ദേഹം പറയുന്നു. ആളുകൂടുന്ന എല്ലായിടത്തും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് ശ്രദ്ധിച്ചിരുന്നെങ്കിൽ ചിലപ്പോൾ കുസാറ്റിലെ ആ നാലു കുട്ടികളുടെ ജീവൻ നമുക്ക് നഷ്ടപ്പെടില്ലായിരുന്നു എന്നും അദ്ദേഹം കുറിച്ചു. ആളു കൂടുന്ന ഇടങ്ങളിൽ ദുരന്തനിവാരണ സേനയുമായി ബന്ധപ്പെട്ട് മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അദ്ദേഹം ട്വൻ്റിഫോർന്യൂസ്.കോമിനോട് പ്രതികരിച്ചു. (cusat disaster fb post)

ടിസി രാജേഷ് സിന്ധുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

രോഗം പോലെതന്നെയാണ്, വന്നിട്ട് ചികിൽസിക്കുന്നതിലല്ല, വരാതെ നോക്കുന്നതിലാണ് കാര്യം, ദുരന്തങ്ങളിലും. പക്ഷേ, നമുക്കിന്നും ദുരന്തങ്ങളെ കൈകാര്യം ചെയ്യാൻ കൃത്യമായ പ്രോട്ടോക്കോളില്ലെന്നതാണ് വസ്തുത. കുസാറ്റിലെ നാലു കുട്ടികളുടെ ജീവൻ പറയുന്നതും അതാണ്. വളരെ ദുഃഖകരമാണ് ഈ സ്ഥിതി.

ചെറുതും വലുതുമായ ഏതു പരിപാടികളിലും ഒരു കലാമിറ്റിയെ നാം മുന്നിൽ കാണേണ്ടതുണ്ട്, എവിടെയായാലും. അതിനുള്ള ക്രമീകരണങ്ങൾ കൃത്യമായി ചെയ്യേണ്ടതുമുണ്ട്.

2019ൽ ആലപ്പുഴയിൽ കയർ കേരളയുടെ സമാപനദിവസം ഇന്നും എനിക്ക് ഓർമയുണ്ട്. പ്രളയം കഴിഞ്ഞുവന്ന ആഘോഷമായിരുന്നു. തൈക്കൂടം ബ്രിഡ്ജിന്റെ പെർഫോമൻസ് നടക്കുന്നു. പ്രതീക്ഷിച്ചതിന്റെ പതിന്മടങ്ങ് ആളുകളാണ് തള്ളിക്കയറിയത്. മീഡിയക്കു വേണ്ടി തയ്യാറാക്കിയ പ്ലാറ്റ്‌ഫോമിലുൾപ്പടെ താങ്ങാനാകുന്നതിന്റെ പലയിരട്ടി ആളുകൾ സ്ഥാനം പിടിച്ചു. പരിപാടിക്കൊപ്പം അവരും ആടിപ്പാടുമ്പോൾ എന്റെയുള്ളിൽ തീയായിരുന്നു. ഒരാൾ കാൽതെറ്റി വീണാൽ മതി… പണ്ട് ഒരു രണ്ട് മകരവിളക്കു ദിനങ്ങളിൽ പമ്പയിലും ഉപ്പുമേടിലും ആളുകൾ മരിച്ചുവീണത് കാൽതെറ്റലിനെതുടർന്നാണ്. അതൊക്കെ എവിടെയും ആവർത്തിക്കാം. അവസാനം, ആലപ്പുഴയിൽ പോലീസുകാർക്കുപോലും ടെൻഷനായി. അവർകൂടി നിർദ്ദേശിച്ചതിനെതുടർന്ന് ഒന്നേമുക്കാൽ മണിക്കൂറുകൊണ്ട് പരിപാടി അവസാനിപ്പിച്ചു.

ഈ വർഷം ഫെബ്രുവരിയിൽ വട്ടിയൂർക്കാവ് ഫെസ്റ്റിൽ ആളുകൾ തള്ളിക്കയറി ബാൻഡുകൾക്കൊപ്പം നൃത്തം ചെയ്യുമ്പോഴും എന്റെ ഭയം ഇതൊക്കെത്തന്നെയായിരുന്നു. അന്നും ഞാൻ സംഘാടകരോട് പറഞ്ഞതും സുരക്ഷയെപ്പറ്റിത്തന്നെയാണ്. ദുരന്തം ഉണ്ടാകില്ലായിരിക്കാം. പക്ഷേ, ഉണ്ടാകുമെന്ന് കരുതിത്തന്നെവേണം നാം പ്രവർത്തിക്കാൻ.

ഏതാനും വർഷം മുൻപ് തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെയിൽ പ്രതിനിധികളെ തിയേറ്ററിൽ തറയിലിരുന്നും നിന്നും സിനിമ കാണാൻ അനുവദിക്കുന്നില്ലെന്നപേരിൽ വിവാദമുണ്ടാക്കിയവരിൽ പ്രമുഖ സംവിധായകർ വരെയുണ്ടായിരുന്നു. അന്നും ഞാൻ ചൂണ്ടിക്കാണിച്ചത് ഒരേയൊരു കാര്യമാണ്. ടാഗോർ തിയേറ്ററൊഴികെ എല്ലായിടത്തും രണ്ടേരണ്ട് കതകുകളേയുള്ളു. കൈരളിയിലും ശ്രിയിലും നിളയിലുമുൾപ്പെടെ. ആളെണ്ണം കൂടിയാൽ, ഒരു പ്രശ്‌നമുണ്ടായാൽ താങ്ങാനാകില്ല. ദുരന്തം പ്രവചനാതീതമായിരിക്കും. അതുകൊണ്ടുതന്നെ സീറ്റിംഗ് കപ്പാസിറ്റിയിലേ പ്രവേശനം അനുവദിക്കാവൂ എന്നുതന്നെയാണ് അന്നും ഇന്നും എന്റെ നിലപാട്.

ആളുകൂടുന്ന എല്ലായിടത്തും നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങൾക്കത് നിസ്സാരമെന്നോ ബാലിശമെന്നോ തോന്നാം. പക്ഷേ, അത്തരം ചില കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നെങ്കിൽ ചിലപ്പോൾ കുസാറ്റിലെ ആ നാലു കുട്ടികളുടെ ജീവൻ നമുക്ക് നഷ്ടപ്പെടില്ലായിരുന്നു….

Story Highlights: cusat disaster tc rajesh sindhu fb post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top