Advertisement

വിഷ്ണു വിനോദിൻ്റെ തീപ്പൊരി സെഞ്ചുറി; അബ്ദുൽ ബാസിത്തിൻ്റെ വിസ്ഫോടനാത്മക ഫിനിഷിംഗ്: കേരളത്തിന് മികച്ച സ്കോർ

November 27, 2023
2 minutes Read
kerala innings vht odisha

വിജയ് ഹസാരെ ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 286 റൺസ് നേടി. 85 പന്തിൽ 120 റൺസ് നേടിയ വിഷ്ണു വിനോദ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ അബ്ദുൽ ബാസിത്ത് 27 പന്തിൽ 48 റൺസ് നേടി പുറത്താവാതെ നിന്നു. ഒഡീഷയ്ക്കായി അഭിഷേക് യാദവ് 4 വിക്കറ്റ് വീഴ്ത്തി. (kerala innings vht odisha)

ബാക്ക്ഫൂട്ടിലാണ് കേരളം ഇന്നിംഗ്സ് ആരംഭിച്ചത്. മുഹമ്മദ് അസ്ഹറുദ്ദീൻ (12), രോഹൻ കുന്നുമ്മൽ (17) എന്നിവർ വേഗം മടങ്ങിയപ്പോൾ നന്നായി തുടങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണും (15) ക്രീസിൽ തുടരാനായില്ല. സച്ചിൻ ബേബി (2), ശ്രേയാസ് ഗോപാൽ (13) എന്നിവർ കൂടി വേഗം പുറത്തായതോടെ കേരളം അപകടം മണത്തു. തുടരെ വിക്കറ്റ് വീഴുമ്പോഴും ആക്രമിച്ചുകളിച്ച വിഷ്ണു വിനോദ് ആണ് കേരളത്തെ കനത്ത തകർച്ചയിൽ നിന്ന് രക്ഷിച്ചത്.

Read Also: വിജയ് ഹസാരെ ട്രോഫി: നിരാശപ്പെടുത്തി സഞ്ജു; ഒഡീഷയ്ക്കെതിരെ കേരളത്തിനു ബാറ്റിംഗ് തകർച്ച

ആറാം വിക്കറ്റിൽ അഖിൽ സ്കറിയയുമൊത്ത് 98 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ വിഷ്ണു അനായാസം ബൗണ്ടറികൾ കണ്ടെത്തി. വിഷ്ണു തകർത്തടിക്കുമ്പോൾ അഖിൽ ക്രീസിലുറച്ചുനിന്നു. 34 റൺസ് നേടി അഖിൽ മടങ്ങിയെങ്കിലും വൈശാഖ് ചന്ദ്രനെ കൂട്ടുപിടിച്ച് വിഷ്ണു ആക്രമണം തുടർന്നു. 85 പന്തുകൾ നേരിട്ട് 5 ബൗണ്ടറിയും 8 സിക്സറും സഹിതം 120 റൺസ് നേടിയ വിഷ്ണു സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ 45ആം ഓവറിൽ പുറത്താവുകയായിരുന്നു. പിന്നീട് വൈശാഖ് ചന്ദ്രനും (3) ബേസിൽ തമ്പിയും (4) വേഗം മടങ്ങിയെങ്കിലും അവസാന ഓവറുകളിൽ ആഞ്ഞടിച്ച അബ്ദുൽ ബാസിത്ത് കേരളത്തെ മികച്ച സ്കോറിലേക്ക് നയിച്ചു. 27 പന്തിൽ വീതം ബൗണ്ടറിയും സിക്സറും സഹിതമാണ് ബാസിത്തിൻ്റെ ഇന്നിംഗ്സ്.

നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയെ ആദ്യ കളിയിൽ തകർത്ത കേരളം രണ്ടാമത്തെ മത്സരത്തിൽ മുംബൈയോട് പരാജയപ്പെട്ടിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ക്വാർട്ടറിലെത്താൻ കേരളത്തിനു കഴിഞ്ഞിരുന്നു.

Story Highlights: kerala innings vht odisha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top