കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനം: അതിജീവിതയ്‌ക്കൊപ്പം നിന്ന നഴ്‌സിംഗ് ഓഫിസറെ സ്ഥലംമാറ്റി; തന്നോടുചെയ്യുന്ന ക്രൂരതയെന്ന് അതിജീവിത

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫിസര്‍ പി ബി അനിതയെ സ്ഥലം മാറ്റിയതിനെതിരെ ജീവനക്കാരുടെ പ്രതിഷേധം. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നു. ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച അനിതയ്‌ക്കെതിരെയാണ് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനു പിന്നാലെയാണ് അനിതയെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയത്. സ്ഥലംമാറ്റം തന്നോട് ചെയ്ത ക്രൂരതയെന്ന് അതിജീവിതയും പ്രതികരിച്ചു. (Protest in Kozhikode Medical collage against transfer order of P B Anitha)
ലൈംഗികാതിക്രമ പരാതിയില്‍ തന്നോടൊപ്പം നിന്ന ഒരാളെ സ്ഥലം മാറ്റിയത് തന്നോട് കാട്ടിയ ക്രൂരതയാണെന്നും ഇത് താന്‍ അനുവദിച്ച് കൊടുക്കില്ലെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും അതിജീവിത മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെക്കൊണ്ട് കഴിയുന്നതെല്ലാം അതനായി ചെയ്യും. സത്യം തന്നെയേ എപ്പോഴും ജയിക്കൂ. തനിക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ലൈംഗികാതിക്രമത്തിന് ഇരയായ യുവതി പറഞ്ഞു.
മാര്‍ച്ച് 18നാണ് തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ശശീന്ദ്രന്‍ എന്ന അറ്റന്‍ഡര്‍ പീഡിപ്പിച്ചത്. പരാതി പിന്‍വലിക്കാന്‍ അഞ്ച് ജിവനക്കാര്‍ തന്നെ സമീപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും അതിജീവിത പിന്നീട് പരാതിപ്പെടുകയും ചെയ്തിരുന്നു. പീഡന പരാതിയില്‍ അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുകയും സംഭവത്തില്‍ അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ച അഞ്ച് പേര്‍ക്കെതിരായി മൊഴി നല്‍കുകയും ചെയ്തയാളാണ് പി ബി അനിത. അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഡിഎംഒ തലത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അനിതയ്ക്ക് എതിരായി റിപ്പോര്‍ട്ട് വന്നത്. ഇതിന് പിന്നാലെയാണ് ഇവരെ സ്ഥലം മാറ്റിയത്. അനിതയ്ക്ക് പുറമേ ചീഫ് നഴ്‌സിംഗ് ഓഫിസര്‍, നഴ്‌സിംഗ് സൂപ്രണ്ട് എന്നിവരേയും ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റി.
Story Highlights: Protest in Kozhikode Medical collage against transfer order of P B Anitha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here