Advertisement

വി കെ ശ്രീകണ്ഠന്റെ വ്യക്തിപ്രഭാവം അടുത്തതവണ ഗുണം ചെയ്യില്ലെന്ന് പാലക്കാട്ടുകാര്‍, മണ്ഡലത്തില്‍ എല്‍ഡിഎഫിന് അട്ടിമറിജയമെന്ന് പ്രവചനം; 24 സര്‍വെ ഫലം

December 2, 2023
Google News 2 minutes Read
24 mood tracker survey Palakkad election V K Sreekandan

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന്റെ രാഷ്ട്രീയ മനസ് വായിക്കാനുള്ള ട്വന്റിഫോര്‍ സര്‍വെയില്‍ പാലക്കാട് എല്‍ഡിഎഫിന് അട്ടിമറി ജയമുണ്ടാകുമെന്ന് വിലയിരുത്തല്‍. യുഡിഎഫ് തുടരുമെന്ന് സര്‍വെയില്‍ പങ്കെടുത്ത 30 ശതമാനം പേര്‍ പറഞ്ഞപ്പോള്‍ 38 ശതമാനവും പറഞ്ഞത് എല്‍ഡിഎഫ് ജയിക്കുമെന്നാണ്. ബിജെപി ജയിക്കുമെന്ന് 17 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. മറ്റുള്ളവരെന്ന് 3 ശതമാനവും അഭിപ്രായമില്ലെന്ന് 12 ശതമാനവും രേഖപ്പെടുത്തി. വി കെ ശ്രീകണ്ഠന് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ സ്ഥാനം നിലനിര്‍ത്താനാകില്ലെന്ന് പറയുകയാണ് കൂടുതല്‍ പേരും. (24 mood tracker survey Palakkad election V K Sreekandan)

വി കെ ശ്രീകണ്ഠന്റെ പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുമ്പോള്‍ തന്നെ സീറ്റ് യുഡിഎഫിന് നഷ്ടമാകുമെന്ന് ജനങ്ങള്‍ പറയുന്നുവെന്നതാണ് കൗതുകകരം. കഴിഞ്ഞ വര്‍ഷം യുഡിഎഫിന് ഗുണമായ വി കെ ശ്രീകണ്ഠന്റെ വ്യക്തിപ്രഭാവം ഇത്തവണ വോട്ടായി വീഴില്ലെന്ന് ഫലങ്ങള്‍ തെളിയിക്കുന്നു. എം പിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതെന്ന് 3%, മികച്ചതെന്ന് 20%, ശരാശരിയെന്ന് 38 %, മോശമെന്ന് 14%, വളരെ മോശമെന്ന് 8%, അഭിപ്രായമില്ലെന്ന് 3% എന്നിങ്ങനെയാണ് ജനങ്ങളുടെ വിലയിരുത്തല്‍.

കേരളത്തില്‍ സീറ്റുകളില്ലാതെ തുടരുമ്പോഴും അടുത്ത തെരഞ്ഞടുപ്പിന് തങ്ങള്‍ക്കെടുക്കാമെന്ന് ബിജെപി പ്രതീക്ഷവയ്ക്കുന്ന മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടവയാണ് തൃശൂരും പാലക്കാടും. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 24 മൂഡ്ട്രാക്കര്‍ സര്‍വെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബിജെപിയ്ക്ക് ആലപ്പുഴയിലുള്ള പിന്തുണ പോലും പാലക്കാട് ലഭിക്കാത്ത കാഴ്ചയാണ് കാണുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമെന്ന് പാലക്കാട്ടെ 55 ശതമാനം പേരും കരുതുന്നുവെന്നാണ് സര്‍വെ ഫലങ്ങള്‍ പറയുന്നത്. അതേസമയം ആലപ്പുഴയില്‍ ഇങ്ങനെ വിശ്വസിക്കുന്ന 39 ശതമാനം പേരേയുള്ളൂ.

Read Also: 80 ലക്ഷം രൂപയുടെ ഭാഗ്യം ആര്‍ക്ക്? അറിയാം കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണ ഫലം

കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതെന്ന് പാലക്കാട്ടെ 4 ശതമാനവും, മികച്ചതെന്ന് 9%, ശരാശരി 24, മോശം 24, വളരെ മോശം 31 %, അഭിപ്രായമില്ലെന്ന് 8 ശതമാനവും പറയുന്നു. എന്നാല്‍ ആലപ്പുഴയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ വളരെ മികച്ചതെന്ന് 5 ശതമാനവും മികച്ചതെന്ന് 12 ശതമാനവും ശരാശരിയെന്ന് 27 ശതമാനവും മോശമെന്ന് 17 ശതമാനവും വളരെ മോശമെന്ന് 22 ശതമാനവും അഭിപ്രായമില്ലെന്ന് 17 ശതമാനവും പറയുന്നു. കനലൊരുതരിയായി സിപിഐഎം വിശേഷിപ്പിക്കുന്ന ആലപ്പുഴയിലേക്കാള്‍ കേന്ദ്രസര്‍ക്കാരിനെക്കുറിച്ച് മോശം അഭിപ്രായം പറയുന്നത് എ ക്ലാസ് മണ്ഡലമായി ബിജെപി കരുതുന്ന പാലക്കാടുനിന്നുള്ളവരാണെന്നത് കൗതുകകരമാണ്.

കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ ധനപ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രസര്‍ക്കാരാണെന്ന് വിശ്വസിക്കുന്നവരാണ് 29 ശതമാനം പേരും. ധനപ്രതിസന്ധിയ്ക്ക് സംസ്ഥാനം തന്നെയാണ് കാരണക്കാരെന്ന് 20 ശതമാനം പേരും കരുതുന്നു. ഇരുവരുമെന്ന് 26 ശതമാനവും അറിയില്ലെന്ന് 25 ശതമാനവും പറയുന്നു.

സംസ്ഥാന സര്‍ക്കാരിനോട് താരതമ്യേനെ അനുകൂലമായ നിലപാടാണ് പാലക്കാടിനുള്ളത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതെന്ന് 4 ശതമാനവും മികച്ചതെന്ന് 11%, ശരാശരിയെന്ന് 36%, മോശമെന്ന് 20%, വളരെ മോശം 24%, അഭിപ്രായമില്ലെന്ന് 5 ശതമാനവും രേഖപ്പെടുത്തുന്നു. തങ്ങള്‍ പിന്തുണയക്കുന്ന ദേശീയ നേതാവായി 47 ശതമാനം രാഹുല്‍ ഗാന്ധിയെ അടയാളപ്പെടുത്തുമ്പോള്‍ മോദിയ്‌ക്കൊപ്പം നില്‍ക്കുന്നത് 15 ശതമാനം പേര്‍ മാത്രമാണ്.

സഹകരണബാങ്ക് തട്ടിപ്പുകാലത്തും ഇ ഡി രാഷ്ട്രീയ ആയുധമാണെന്ന് വിശ്വസിക്കുന്ന 30 ശതമാനം പേരും അല്ലെന്ന് പറയുന്ന 31 ശതമാനം പേരും പാലക്കാടുണ്ട്. ഇന്ത്യ മുന്നണി ബിജെപിയ്ക്ക് ബദലാകുമെന്ന് 16 ശതമാനം പേരും ആകില്ലെന്ന് 34 ശതമാനം പേരും കരുതുന്നു. 20000 സാമ്പിളുകളാണ് സര്‍വെയ്ക്കായി കോര്‍(സിറ്റിസണ്‍ ഒപ്പിനിയന്‍ റിസര്‍ച്ച് ആന്‍ഡ് ഇവാലുവേഷന്‍) എന്ന ഏജന്‍സി ശേഖരിച്ചത്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തില്‍ നിന്നും ആയിരം സാമ്പിളുകള്‍ എന്ന വിധത്തിലാണ് സാമ്പിള്‍ ശേഖരണം നടത്തിയത്.

Story Highlights: 24 mood tracker survey Palakkad election V K Sreekandan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here