Advertisement

മരുഭൂമിയില്‍ താമര വിരിയിച്ച ബിജെപിയുടെ ഗോള്‍ഡന്‍ ട്രയാങ്കിള്‍ തന്ത്രം; കോണ്‍ഗ്രസിനെ തറപറ്റിച്ചതിങ്ങനെ

December 3, 2023
Google News 2 minutes Read
BJP’s Golden Triangle Strategy for Rajasthan

മരുഭൂമികളുള്ള രാജനഗരി, രാജസ്ഥാന്‍ സഞ്ചാരികളുടെ പറുദീസയാണ്. പിങ്ക് സിറ്റി ഉള്‍പ്പെടെ രാജ്യത്തിന്റെ ഏറ്റവും വര്‍ണാഭമായ കാഴ്ചകളുള്ള മൂന്ന് സ്‌പോട്ടുകളെ കൂട്ടിയിണക്കിയുള്ള ഗോള്‍ഡന്‍ ട്രയാങ്കിള്‍ ടൂറിസത്തിന്റെ ഭാഗ്യരേഖ കൂടിയാണ്. ഡല്‍ഹി, ആഗ്ര, ജയ്പൂര്‍ എന്നിവ കൂട്ടിയിണക്കി വരച്ച ഈ സുവര്‍ണ ത്രികോണത്തെ ടൂറിസത്തിന്റെ മേന്മയ്ക്കപ്പുറം രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ടാണ് ഇപ്പോള്‍ ബിജെപി മരുഭൂമിയില്‍ താമര വിരിയിക്കുന്നത്. (BJP’s golden triangle strategy for Rajasthan)

ഡല്‍ഹി കേന്ദ്രത്തില്‍ നരേന്ദ്രമോദിയേയും ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ യോഗി ആദിത്യനാഥിനേയും രാജസ്ഥാനിലെ ജയ്പൂരില്‍ യോഗിയുടെ രാജസ്ഥാന്‍ പതിപ്പായ മഹാന്ത് ബാലാക്‌നാഥിനേയും കൂട്ടിയിണക്കി പ്രദേശത്തെ രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനീച്ച് വോട്ടുറപ്പിക്കലായിരുന്നു ബിജെപിയുടെ ഗോള്‍ഡന്‍ ട്രയാങ്കില്‍ തന്ത്രം.

അജ്മീര്‍, ഭരത്പൂര്‍, ബിക്കാനീര്‍, ജയ്പൂര്‍, ജോധ്പൂര്‍, കോട്ട, ഉദയ്പൂര്‍ എന്നിവയാണ് രാജസ്ഥാനിലെ സുപ്രധാനമായ ഏഴ് രാഷ്ട്രീയ സ്‌പോട്ടുകള്‍. ഭരത്പൂര്‍, ജയ്പൂര്‍ ഡിവിഷനുകളിലെ മിക്കവാറും എല്ലാ ജില്ലകളും ഉത്തര്‍പ്രദേശിന്റെയും ഹരിയാനയുടെയും അതിര്‍ത്തിയിലാണ്. 2018ലെ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും യഥാക്രമം 99, 73 സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ ഭരത്പൂര്‍, ജയ്പൂര്‍ ഡിവിഷനുകളിലെ സീറ്റുകള്‍ മാറ്റിയാല്‍ കോണ്‍ഗ്രസ്-ബിജെപി സീറ്റുകള്‍ യഥാക്രമം 57, 62 എന്നിങ്ങനെയാകുന്നു. അതായത് ഈ കിഴക്കന്‍ ഭാഗങ്ങളില്‍ അടിപതറിയാല്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ കൂടുതല്‍ വിയര്‍ക്കേണ്ടി വരുമെന്ന് ബിജെപി കണക്കുകൂട്ടി.

ഗെഹ്ലോട്ട്- സച്ചിന്‍ പൈലറ്റ് തര്‍ക്കം കൂടി ഉടലെടുത്തത് ബിജെപിയ്ക്ക് അനുകൂലഘടകമായി. എങ്കിലും അതിന്റെ മാത്രം ഫലംകൊയ്ത് ഭാഗ്യപരീക്ഷണത്തിന് മുതിരാന്‍ ബിജെപി ഒരുക്കമായിരുന്നില്ല. ബാലാക്‌നാഥ് അടുത്ത മുഖ്യമന്ത്രിയായേക്കുമെന്ന ഒരു പ്രതീതി ബിജെപി സൃഷ്ടിക്കാന്‍ തുടങ്ങി. യാദവ് ജാതിയില്‍പ്പെട്ട അദ്ദേഹത്തെ ഒരു പ്രമുഖ മതനേതാവെന്ന നിലയിലാണ് ബിജെപി ഉയര്‍ത്തിക്കാട്ടിയത്. ശക്തനായ ഹിന്ദുനേതാവെന്ന് പ്രചാരണം നല്‍കുമെന്നും രാജസ്ഥാനില്‍ സമാധാനം ഉറപ്പിക്കാന്‍ കരുത്തനാണ് അദ്ദേഹമെന്ന് ബിജെപി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തെ രാജസ്ഥാന്റെ യോഗി ആദിത്യനാഥാക്കി.

ബാലാക്‌നാഥിനെ ഉയര്‍ത്തിക്കാട്ടുന്നതോടെ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനാകുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. കിഴക്കന്‍ രാജസ്ഥാനില്‍ ഇത് ബിജെപിയ്ക്ക് വലിയ രീതിയില്‍ പ്രയോജനം ചെയ്യുമെന്നും വിലയിരുത്തലുണ്ട്. ഗോള്‍ഡന്‍ ട്രയാങ്കിളിന്റെ മൂന്ന് പോയിന്റുകളും ഇത്തരത്തില്‍ ഒരുപോലെ കരുത്തുറ്റതായാല്‍ പ്രദേശത്തെ ബിജെപിയുടെ സേഫ് സോണാക്കാമെന്ന ബിജെപി തന്ത്രം കൂടിയാണ് ഇവിടെ വിജയിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമ്പോള്‍ വസുന്ധര രാജെയെ തഴഞ്ഞ് മഹാന്ത് ബാലാക്‌നാഥിനെ മുഖ്യമന്ത്രിയാക്കിയാല്‍ അത് വസുന്ധര രാജെയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Story Highlights: BJP’s Golden Triangle Strategy for Rajasthan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here