ഛത്തീസ്ഗഡിൽ ബിജെപി മുന്നേറ്റം; സംസ്ഥാനം തിരിച്ചു പിടിക്കാൻ ബിജെപിയിറക്കിയ തന്ത്രങ്ങൾ ഫലം കാണുന്നോ ?

1998 ലെ രൂപീകരണം മുതൽ വെറും മൂന്ന് മുഖ്യമന്ത്രിമാർ മാത്രമേ ഛത്തീസ്ഗഢ് ഭരിച്ചിട്ടുള്ളു. അതിൽ ഏറിയ കാലവും ഭരിച്ചത് ബിജെപി തന്നെ. 1998 മുതൽ 2003 വരെയുള്ള അഞ്ച് വർഷക്കാലം കോൺഗ്രസിന്റെ അജിത് ജോഗിയുടെ കൈകളിലായിരുന്നു ഭരണചക്രം. 2003 മുതൽ 2018 വരെ ബിജെപിയുടെ രമൺ സിംഗാണ് മുഖ്യമന്ത്രിയായത്. നീണ്ട 15 വർഷക്കാലത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് 2018 ലാണ് കോൺഗ്രസിന്റെ ഭൂപേഷ് ബാഗേൽ ഛത്തീസ്ഗഡിൽ മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. ഛത്തീസ്ഗഢിൽ ഭരണത്തുടർച്ച സ്വപ്‌നം കണ്ട കോൺഗ്രസിന് ഇരുട്ടടി നൽകിക്കൊണ്ട് സംസ്ഥാനത്ത് ബിജെപി പതിയെ ആധിപത്യം സ്ഥാപിച്ചുവരുന്ന കാഴ്ചയാണ് വോട്ടെണ്ണൽ ദിവസമായ ഇന്ന് കാണുന്നത്. ( Chhattisgarh BJP strategy to return to power )
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ബിജെപി ചിട്ടയായ പ്രവർത്തനങ്ങളും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള പദ്ധതികളുമാണ് ആസൂത്രണം ചെയ്തത്. കർഷക ക്ഷേമം മുതൽ സ്ത്രീ വോട്ടുകൾ ലക്ഷ്യമിട്ടുള്ള പദ്ധതി പ്രഖ്യാപനങ്ങൾ നടന്നു. ഒപ്പം സ്ഥാനാർത്ഥി നിർണയത്തിലും കണക്കൂകൂട്ടലിന്റെ ആഴം പ്രകടമായിരുന്നു.
കർഷക ക്ഷേമം
ഛത്തീസ്ഗഡിലെ പ്രധാന തൊഴിൽ കൃഷിയാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ ഏറെ നാളത്തെ ആവശ്യമായിരുന്നു നെല്ല് സംഭരണത്തിനുള്ള ബോണസ് വർധിപ്പിക്കുകയെന്നത്. നെല്ല് സംഭരണത്തിന് ക്വിന്റലിന് 3100 രൂപയാണ് ബിജെപി പ്രഖ്യാപിച്ചത്.
മഹത്രി യോജന
മധ്യപ്രദേശിലെ ലാഡ്‌ലി ബെഹ്ന യോജനയ്ക്ക് സമാനമായി ഛത്തീസ്ഗഢിൽ മഹത്രി യോജനയും ബിജെപി പ്രകടന പത്രികയിൽ ഇടംപിടിച്ചു. ബിജെപി അധികാരത്തിലെത്തിയാൽ വിവാഹിതരായ സ്ത്രീകൾക്ക് പ്രതിവർഷം 12,000 രൂപ നൽകുന്ന പദ്ധതിയാണ് മഹ്ത്രി യോജന.
സ്ഥാനാർത്ഥി നിർണയം
ക്ഷേമ പദ്ധതികൾ നടപ്പിലാക്കുമെന്നുള്ള പ്രഖ്യാപനത്തിന് പുറമെ ഛത്തീസ്ഗഢിന്റെ വിശ്വാസം നേടാൻ ബിജെപി കളിച്ചത് ചെറിയ കളികളല്ല. സ്ഥാനാർത്ഥി നിർണയത്തിൽ ഒരുപടി കൂടി കടന്നായിരുന്നു ബിജെപിയുടെ തന്ത്രം.
എസ്ടി വിഭാഗം ഏറ്റവും കൂടുതലായി കാണപ്പെടുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ഇന്ത്യയിലെ മൊത്തം എസ്ടി വിഭാഗക്കാരിൽ 10 ശതമാനവും ഛത്തീസ്ഗഢിൽ തന്നെയാണ്. ഛത്തീസ്ഗഢിലെ ജനസംഖ്യയുടെ 30% വും എസ്ടി വിഭാഗക്കാരാണ്. 2001 ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ എസ് സി വിഭാഗക്കാർ 11.6% ആണ്. ഛത്തീസ്ഗഢിൽ പതിവായി എസ്‌സി/എസ്ടി വോട്ടുകൾ നേടിയിരുന്നത് കോൺഗ്രസാണ്. എന്നാൽ ഇക്കുറി ആം ആദ്മി പാർട്ടി, ജനതാ കോൺഗ്രസ് ഛത്തീസ്ഗഢ് ജോി, ഹമാർ രാജ് പാർട്ടി, എന്നീ ചെറുകിട പാർട്ടികളെല്ലാം ജനറൽ സീറ്റിൽ എസ് സി/ എസ്ടി സ്ഥാനാർത്ഥികളെ നിർത്തി. ഇതോടെ ഈ വിഭാഗത്തിലെ വോട്ടുകളെല്ലാം കോൺഗ്രസിൽ നിന്ന് തെന്നിമാറി.
ജനറൽ സീറ്റായ പണ്ടരിയയിൽ ആംആദ്മിപാർട്ടി നിർത്തിയത് എസ് സി വിഭാഗത്തിൽ നിന്നുള്ള ചമേലി കുറെയെയാണ്. അതേ വിഭാഗത്തിലുള്ള രവി ചന്ദ്രവൻഷിയാണ് ജെസിസിയുടെ സ്ഥാനാർത്ഥി. മറ്റൊരു ജനറൽ സീറ്റായ ഖല്ലാരിയിൽ നിന്ന് ആം ആദ്മി പാർട്ടി നിർത്തിയത് നീലം ധ്രുവിനെയാണ്. ബിലാസ്പൂരിൽ ഉജ്വല കരദെയെന്ന എസ് സി വിഭാഗത്തിൽപ്പെട്ട സ്ത്രീയാണ് എഎപി സ്ഥാനാർത്ഥി. ഉജ്വലയുടെ ഭർത്താവ് മുസ്ലിം വിഭാഗത്തിലും പെടുന്നു.
പരമ്പരാഗത ഗോത്ര വിഭാഗവും- ക്രൈസ്തവ മതം സ്വീകരിച്ച ഗോത്ര വിഭാഗക്കാരും തമ്മിൽ സംഘർഷം നക്കുന്ന സൗത്ത് ഛത്തീസ്ഗഢിൽ സഭ-അനുകൂലികളായ സ്ഥാനാർത്ഥികളെയാണ് കോൺഗ്രസിനെതിരെ അണിനിരത്തിയത്. ക്രൈസ്തവ മതം സ്വീകരിച്ച ഗോത്ര വിഭാഗക്കാർ കോൺഗ്രസ് അനുഭാവികളായിരുന്നുവെങ്കിലും കുറച്ച് നാളുകൾക്ക് മുൻപുണ്ടായ സംഘർഷത്തിൽ ഇവരെ സംരക്ഷിക്കാൻ ഭൂപേഷ് ബാഗേൽ നടപടികളൊന്നും കൈക്കൊള്ളാതിരുന്നത് ഇവരെ അസ്വസ്ഥരാക്കിയിരുന്നു.
കോൺഗ്രസിന്റെ നിസ്സംഗ മനോഭാവം
എസ് സി/എസ്ടി വിഭാഗത്തിൽ നിന്നുള്ളവരെ മൂന്നാം മുന്നണിയുടെ സ്ഥാനാർത്ഥികളാക്കിയതിൽ ബിജെപിയുടെ ചരടുവലികളുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഇത് അറിഞ്ഞിട്ടും ഈ തന്ത്രത്തെ ചെറുക്കാൻ കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ‘2018 ൽ കോൺഗ്രസിന്റെ വോട്ട് ഷെയർ 43% ആയിരുന്നു. ബിജെപിയുടെ 33%വും. മൂന്നാം മുന്നണികളായ ബിഎസ്പിയും ജെസിസിയും 12% വോട്ടുകൾ സ്വന്തമാക്കി. ഈ അന്തരം കുറയ്ക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്’- രാഷ്ട്രീയ നിരീക്ഷകൻ സുദീപ് ശ്രീവാസ്തവ പറയുന്നു.
എന്നാൽ ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് ജെസിസി പറയുന്നത്. ‘സാഹു വിഭാഗത്തിൽ നിന്ന് കൂടുതൽ സ്ഥാനാർത്ഥികളെ നിർത്തിയത് ജെസിസിയാണ്. സാഹു വിഭാഗം ബിജെപിയെ പിന്തുണച്ചിരുന്നവരാണ്. അങ്ങനെ നോക്കിയാൽ ജെസിസിയുടെ നീക്കം ബിജെപിക്ക് തിരിച്ചടിയല്ലേ ?’ – ജെസിസി നേതാവ് ചോദിക്കുന്നു.
ഈ തന്ത്രങ്ങളെല്ലാം ഫലം കണ്ടുവെന്ന് വേണം നിലിവലെ ലീഡ് നിലകളിൽ നിന്ന് വിലയിരുത്താൻ. അഞ്ച് വർഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഛത്തീസ്ഗഢ് പിടിച്ചെടുക്കാനൊരുങ്ങുകയാണ് ബിജെപി. ഛത്തീസ്ഗഢിലെ കോൺഗ്രസ് ക്യാമ്പിൽ നിരാശയും ബിജെപി പ്രവർത്തകർക്കിടയിൽ ആഘോഷവും ആരംഭിച്ചു കഴിഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here