Advertisement

എല്ലാം ‘മഹാദേവി’ൻ്റെ അനുഗ്രഹം; കോൺഗ്രസിനെ ആപ്പ് ചതിച്ചപ്പോൾ ഛത്തീസ്ഗഢ് ബിജെപിക്ക് സ്വന്തം

December 3, 2023
Google News 2 minutes Read
chhattisgarh mahadev app election

ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എക്സിറ്റ് പോൾ ഫലങ്ങളെ അപ്പാടെ അട്ടിമറിച്ച ജയമാണ് ബിജെപി നേടിയത്. 56 സീറ്റുകളിൽ മുൻതൂക്കം നേടി ജയം ഏറെക്കുറെ ഉറപ്പിച്ചപ്പോൾ ബിജെപി നന്ദി പറയുന്നത് മഹാദേവ് ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട വിവാദത്തിനാവും. (chhattisgarh mahadev app election)

ഓൺലൈൻ ബെറ്റിങ് പ്ലാറ്റ്‌ഫോമായ മഹാദേവ് ബുക്ക് ആപ്പുമായി ബന്ധപ്പെട്ടാണ് ഛത്തീസ്ഗഢിൽ കോളിളക്കമുണ്ടായത്. 2017 മുതൽ രാജ്യത്ത് പ്രവർത്തിച്ചുവരുന്ന ബെറ്റിംഗ് ആപ്പ് വഴി ബോളിവുഡ് താരങ്ങളടക്കം വമ്പൻ പേരുമാർ കള്ളപ്പണം വെളുപ്പിക്കുന്നെണ്ടെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കണ്ടെത്തൽ ബിജെപി ആയുധമാക്കി. ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, ടൈഗർ ഷ്രോഫ്, സണ്ണി ലിയോണി, കപിൽ ശർമ്മ, നടിമാരായ ഹുമ ഖുറേഷി, ഹിന ഖാൻ, ശ്രദ്ധ കപൂർ ഗായകരായ നേഹ കക്കർ, ആതിഫ് അസ്ലം, രഹത് ഫത്തേ അലി ഖാൻ തുടങ്ങിയവരൊക്കെ ഉൾപ്പെട്ട പട്ടികയിൽ ഈ മാസം മൂന്നിനാണ് നിർണായകമായ മറ്റൊരു പേര് പുറത്തുവന്നത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘൽ ആപ്പ് പ്രമോട്ടർമാരിൽ നിന്ന് 508 കോടി രൂപ കൈപ്പറ്റിയെന്ന ഇഡിയുടെ കണ്ടെത്തൽ സംസ്ഥാനത്ത് കൊടുങ്കാറ്റ് സൃഷ്ടിച്ചു. പിന്നീട് ബിജെപിയുടെ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ മഹാദേവ് ആപ്പിൻ്റെ ചുവടുപിടിച്ചായിരുന്നു.

Read Also: ഇത് ഇന്ത്യ മുന്നണിയുടെ ദയനീയ പരാജയം, ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ മുന്നേറ്റമുണ്ടാക്കും; കുമ്മനം രാജശേഖരൻ

മഹാദേവ് ഗെയിമിംഗ് ആപ്പ് തട്ടിപ്പ് കേസിലെ പ്രതികളുമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ബന്ധം വിശദീകരിക്കണം എന്ന് നവംബർ നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആവശ്യപ്പെട്ടു. വാതുവെപ്പ് ആപ്പ് പ്രമോട്ടർമാർ നൽകിയ ഹവാല പണം ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് ഉപയോഗിച്ചതായും മോദി ആരോപിച്ചു. അഴിമതിയിലൂടെ ഖജനാവ് നിറയ്ക്കുക എന്നതാണ് കോൺഗ്രസ് പാർട്ടിയുടെ ലക്ഷ്യം. ഇതിനായി ‘മഹാദേവന്റെ’ പേരുപോലും അവർ വെറുതെ വിട്ടില്ല- മോദി പറഞ്ഞു. നവംബർ അഞ്ചിന് മഹാദേവ് ബെറ്റിങ് ആപ്പിന് കേന്ദ്രം വിലക്കേർപ്പെടുത്തി.

മഹാദേവ് ആപ്പ് ആയുധമാക്കി, കളമറിഞ്ഞ്, കുറിയ്ക്ക് കൊള്ളുന്ന തരത്തിൽ നടത്തിയ പ്രചാരണങ്ങൾക്ക് ഫലം കാണുകയാണ് ഇപ്പോൾ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൃത്യമായി ഇഡി ഈ കേസ് കണ്ടെത്തുന്നതും ഒരു മാസം മാത്രം കൃത്യം ശേഷിക്കെ സംസ്ഥാന സർക്കാരിനെയാകെ സമ്മർദ്ദത്തിലാക്കുന്ന വാർത്താകുറിപ്പ് പുറത്തിറക്കിയതും ബിജെപിയ്ക്ക് രാഷ്ട്രീയ ആയുധമായി. അവരത് പ്രയോഗിക്കുകയും ചെയ്തു.

ഛത്തീസ്ഗഢിൽ 56 സീറ്റുകളിൽ മുന്നിലുള്ള ബിജെപി ഭരണമുറപ്പിച്ചു. 46 ആണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 34 ഇടങ്ങളിൽ മാത്രമേ കോൺഗ്രസിനു മുൻതൂക്കമുള്ളൂ. അഴിമതിയാരോപണമുണ്ടായിട്ടും മുഖ്യമന്ത്രി ഭൂപേക്ഷ് ബാഘൽ പഠാൻ മണ്ഡലത്തിൽ 20,000ൽ പരം വോട്ടുകൾക്ക് മുന്നിലാണ് എന്നത് മാത്രമാവാം കോൺഗ്രസിന് അല്പമെങ്കിലും ആശ്വാസം നൽകുന്നത്.

Story Highlights: chhattisgarh mahadev app election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here