Advertisement

11 ദിവസം നീണ്ട നിരാഹാരം; തെലങ്കാനയുടെ നായകൻ; കെസിആർ വീഴുമ്പോൾ

December 3, 2023
Google News 2 minutes Read
KCR

2014 ജൂൺ‌ രണ്ടിന് തെലങ്കാന ഔദ്യോ​ഗികമായി സംസ്ഥാനമായി രൂപപ്പെടുമ്പോൾ അമരത്ത് കെ ചന്ദ്രശേഖര റാവു എന്നല്ലാതെ മറ്റൊരു പേരും ഉയർന്നു വന്നില്ലായിരുന്നു. 2009ൽ നവംബറിൽ 11 ദിവസം നീണ്ടു നിന്ന കെസിആറിന്റെ നിരാഹാര സമരത്തിന് പിന്നാലെയായിരുന്നു തെലങ്കാനയുടെ രൂപീകരണം. തെലുങ്ക് വികാരം ഉയർത്തി തെലങ്കാനയുടെ നായകനായി മാറിയ കെസിആറിനെ ഒടുവിൽ തെലങ്കാനയുടെ ജനങ്ങൾ തന്നെ പുറത്താക്കി. രണ്ടു തവണയും തെലുങ്ക് വികാരം ഉണർത്തി കയറിയ കെസിആറിന് മൂന്നാമൂഴത്തിൽ കാലിടറി.

2014ൽ 119-ൽ 63 സീറ്റുകൾ നേടിയാണ് കെ.സി.ആറിന്റെ ടിആർഎസ്(നിലവിലെ ബിആർഎസ്) അധികാരത്തിലേറിയത്. 2018-ൽ നടന്ന തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം 88 ആയി ഉയർത്തി സർവ്വാധിപത്യം ഉറപ്പിച്ചു. തെലങ്കാനയിൽ വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിൽ പാർട്ടിയുടെ പേര് മാറ്റി ദേശീയ രാഷ്ട്രീയത്തിലേക്ക് കാൽവെക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് കെസിആർ എന്ന വന്മരം വീഴുന്നത്.

രൂക്ഷമായ ഭരണവിരുദ്ധ വികാരവും കുടുംബാംഗങ്ങൾ പാർട്ടിയിലും സർക്കാരിലും അധികാരകേന്ദ്രമായതും കെസിആറിന്റെ ജനസമ്മിതിയിൽ ഇടിവുണ്ടാക്കി. പ്രത്യേക സംസ്ഥാനം രൂപീകരിച്ചിട്ടും വികസനമില്ലായ്മയും തൊഴിലില്ലായ്മയും മാറിയില്ലെന്ന കോൺഗ്രസ് പ്രചാരണത്തിന് മുന്നിൽ കെസിആർ വീണു.

തെലങ്കാന വികാരം കൊണ്ട് രാഷട്രീയ പ്രതിസന്ധികളെ മറികടക്കാനായിരുന്നു ശ്രമം. ഈ വർഷം ജൂണിൽ 179 കോടി രൂപയുടെ തെലങ്കാന രക്തസാക്ഷി സ്മാരകം സ്ഥാപിച്ചിരുന്നു. കൂടാതെ, സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്നും അന്ന് ജീവൻ നഷ്ടമായവരുടെ അടുത്ത ബന്ധുക്കൾക്ക് നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ച കെസിആർ കമ്മറെഡ്ഡിയിൽ ബിജെപി സ്ഥാനാർഥിയോട് പരാജയപ്പെട്ടു. എന്നാൽ ഗജ്‌വേലിൽ വിജയമുറപ്പിച്ചു.

എന്നാൽ തെലങ്കാന കെസിആറിനെ കൈവിട്ട് കോൺ​ഗ്രസിന് കൈകൊടുത്തു. ഇനി എന്താകും കെസിആറിന്റെയും ബിആർഎസിന്റെയും രാഷ്ട്രീയ ഭാവിയെന്ന് കണ്ടറിയണം. 119 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 40 സീറ്റുകളിലേക്ക് ബിആർഎസ് ഒതുങ്ങി. ഭരണവിരുദ്ധവികാരമാണ് തെലങ്കാനയിൽ കോൺ​ഗ്രസിന് അനുകൂലമായത്. സംസ്ഥാനം രൂപീകരിച്ച ശേഷം ഇതാദ്യമായി ബി ആർ എസ് അല്ലാതെ മറ്റൊരു പാർട്ടി തെലങ്കാന ഭരിക്കാൻ കളമൊരുങ്ങുന്നത്.

Story Highlights: Telangana Assembly Election Results 2023 defeat of K Chandrashekar Rao

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here