Advertisement

മിസോറാമിൽ സോറം പീപ്പിൾസ് മൂവ്‌മെന്റ് അധികാരത്തിൽ

December 4, 2023
Google News 2 minutes Read
Soram People's Movement in power in Mizoram

മാറ്റത്തിന്റെ കാറ്റുമായി മിസോറാമിൽ സോറം പീപ്പിൾസ് മൂവ്‌മെന്റ് അധികാരത്തിൽ. വൻ ഭൂരിപക്ഷത്തോടെയാണ് ZPM അധികാരത്തിൽ വരുന്നത്. ZPM നേതാവ് ലാൽ ദുഹോമ മിസോറാം മുഖ്യമന്ത്രിയാകും.

തൂക്കുസഭ വരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ പിഴച്ചു. മിസോറാമിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ സോറം പീപ്പിൾസ് മൂവ്‌മെന്റ് അധികാരത്തിലേക്ക്. ഇസഡ്പിഎം തരംഗത്തിൽ മുഖ്യമന്ത്രി സോറം തങ്കക്കും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ലാൽ സത്വക്കും കാലിടറി. 2019ൽ മാത്രം തെരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്ത പാർട്ടിക്കാണ് വൻ ജയം. മൂന്ന് ദശാബ്ദത്തിൽ ഏറിയ പങ്കും മിസോറം ഭരിച്ച കോൺഗ്രസ് വീണ്ടും തകർന്നടിഞ്ഞു.

അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ രൂപം കൊണ്ട സോറം പീപ്പിൾസ് മൂവ്മെൻ്റ് മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് വോട്ടർമാർ വിധിയെഴുതിയത്. ഗോവയിൽ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു ലാൽ ദുഹോമ. ഹിപ്പികൾക്കും മയക്കുമരുന്നു സംഘങ്ങൾക്കുമെതിരെ 80 കളുടെ തുടക്കത്തിൽ നടപടിയെടുത്ത് ശ്രദ്ധേയനായ ലാൽ ദു ഹോമയെ ഇന്ദിരാഗാന്ധി തൻ്റെ സുരക്ഷാ സംഘത്തിൽ കൂട്ടിയിരുന്നു.

പിന്നാലെ ഐപിഎസിൽ നിന്ന് രാജിവെച്ച് മിസോറം കോൺഗ്രസ് പ്രസിഡൻറായി. 84 ൽ ലോക്സഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ലാൽ ദുഹോമയെ 88 ൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനാക്കി. ഈ നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട രാജ്യത്തെ ആദ്യ ജനപ്രതിനിധി. 2018ൽ സോറം പീപ്പിൾസ് മുന്നണി സ്ഥാനാർത്ഥിയായി ജയിച്ച ലാൽദുഹോമയെ പിന്നീട് സോറം പീപ്പിൾസ് മൂവ്മെൻ്റ് രൂപീകരിച്ചപ്പോൾ വീണ്ടും അയോഗ്യനാക്കി.

തൊട്ടടുത്ത ഉപതെരഞ്ഞെടുപ്പിൽ ജയിച്ചു കയറിയാണ് ദുഹോമ കരുത്തു കിട്ടിയത്. ബിജെപിക്ക് കഴിഞ്ഞ തവണ ഒരു സീറ്റുണ്ടായിരുന്നത് ഇത്തവണ രണ്ടായി. 5 സീറ്റുണ്ടായിരുന്ന കോൺഗ്രസ് ഒന്നിലേക്ക് ചുരുങ്ങി.

Story Highlights: Soram People’s Movement in power in Mizoram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here