രമ്യ ഹരിദാസിന് ആലത്തൂരിട്ട മാര്‍ക്ക് ശരാശരിയിലും താഴെ; 24 സര്‍വെയില്‍ ഒരു എംപിയ്ക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മോശം മാര്‍ക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 20 മണ്ഡലങ്ങളുടെ മനസറിയാനുള്ള 24 ലോക്‌സഭാ ഇലക്ഷന്‍ മൂഡ് ട്രാക്കര്‍ സര്‍വെയില്‍ ആലത്തൂരിലെ ജനങ്ങള്‍ രമ്യാ ഹരിദാസ് എംപിയ്‌ക്കെതിരെ രേഖപ്പെടുത്തിയത് കടുത്ത അതൃപ്തി. ശരാശരിയിലും താഴെ മാര്‍ക്കാണ് രമ്യാ ഹരിദാസിന് ആലത്തൂരിലെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. രമ്യാ ഹരിദാസിന്റെ പ്രവര്‍ത്തനം മോശമെന്ന് സര്‍വെയില്‍ പങ്കെടുത്ത 55 ശതമാനം ജനങ്ങളും അഭിപ്രായപ്പെട്ടു. എം പിയുടെ പ്രവര്‍ത്തനം മികച്ചതെന്ന് പറഞ്ഞത് 8 ശതമാനം മാത്രമാണ്. (24 election mood tracker survey Alathur opinion on Ramya Haridas MP)
എം പിയുടെ പ്രവര്‍ത്തനം വളരെ മികച്ചതെന്ന് 2 ശതമാനവും മികച്ചതെന്ന് 6 ശതമാനവും ശരാശരിയെന്ന് 25 ശതമാനവും മോശമെന്ന് 35 ശതമാനവും വളരെ മോശമെന്ന് 20 ശതമാനവും അഭിപ്രായമില്ലെന്ന് 12 ശതമാനം ജനങ്ങളും രേഖപ്പെടുത്തി. ആലത്തൂരുകാരുടെ ഈ ഭരണവിരുദ്ധ വികാരം 2024ല്‍ ആര് ജയിക്കുമെന്ന ചോദ്യത്തിലും പ്രതിഫലിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ എല്‍ഡിഎഫ് എടുക്കുമെന്നാണ് സര്‍വെയില്‍ പങ്കെടുത്ത 42 ശതമാനം പേരും പറയുന്നത്. യുഡിഎഫ് ജയിക്കുമെന്ന് 36 ശതമാനവും ബിജെപി എന്ന് 9 ശതമാനവും മറ്റുള്ളവരെന്ന് 3 ശതമാനവും അഭിപ്രായപ്പെടുന്നു.
2019ല്‍ അന്നത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ബിജുവിനേക്കാള്‍ 16 ശതമാനം വോട്ടുകള്‍ കൂടുതല്‍ നേടിയാണ് രമ്യാ ഹരിദാസ് ആലത്തൂരിന്റെ പുതുതാരമായി മാറുന്നത്. നല്ലൊരു കലാകാരി കൂടിയായ രമ്യ പെങ്ങളൂട്ടിയായാണ് മണ്ഡലമാകെ അറിയപ്പെട്ടത്. ഒരു പുതുമുഖമെന്ന നിലയില്‍ മികച്ച തുടക്കവും പ്രചാരണവുമാണ് രമ്യയ്ക്ക് മണ്ഡലത്തില്‍ ലഭിച്ചത്. 52.4 ശതമാനം വോട്ടുകള്‍ നേടിയാണ് രമ്യ വിജയിക്കുന്നത്.
Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ
2019ലെ സാഹചര്യമല്ല ഇപ്പോള്‍ ആലത്തൂരിലെന്നാണ് 24 സര്‍വെ ഫലങ്ങള്‍ ഇപ്പോള്‍ തെളിയിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് ശരാശരി മാര്‍ക്കാണ് ആലത്തൂര്‍ നല്‍കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതെന്ന് 4 ശതമാനവും മികച്ചതെന്ന് 9 ശതമാനവും ശരാശരിയെന്ന് 36 ശതമാനവും മോശമെന്ന് 29 ശതമാനവും വളരെ മോശമെന്ന് 9 ശതമാനവും അഭിപ്രായമില്ലെന്ന് 13 ശതമാനവും വിലയിരുത്തുന്നു. എന്നിരിക്കിലും 2019ല്‍ രമ്യയെ തുണച്ച ഘടകങ്ങളില്‍ ഒന്നായ രാഹുല്‍ ഫാക്ടര്‍ ഇപ്പോഴും അവിടെയുണ്ട്. 45 ശതമാനം ആലത്തൂരുകാരും പിന്തുണയ്ക്കുന്ന ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയാണ്. 20000 സാമ്പിളുകളാണ് സര്‍വെയ്ക്കായി കോര്‍(സിറ്റിസണ്‍ ഒപ്പിനിയന്‍ റിസര്‍ച്ച് ആന്‍ഡ് ഇവാലുവേഷന്‍) എന്ന ഏജന്‍സി ശേഖരിച്ചത്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തില്‍ നിന്നും ആയിരം സാമ്പിളുകള്‍ എന്ന വിധത്തിലാണ് സാമ്പിള്‍ ശേഖരണം നടത്തിയത്.
Story Highlights: 24 election mood tracker survey Alathur opinion on Ramya Haridas MP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here