രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെയെന്ന് റിപ്പോർട്ട്

തെലങ്കാന കോൺഗ്രസിന്റെ തീപ്പൊരി നേതാവ് രേവന്ത് റെഡ്ഡി സംസ്ഥാന മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പോരാട്ടത്തിന് നേതൃത്വം നൽകുകയും, കെസിആറിനെ നേരിട്ട് എതിർത്ത് തോൽപ്പിക്കുകയും ചെയ്ത റെഡ്ഡി നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ചെയ്തേക്കും. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉത്തം കുമാർ റെഡ്ഡിക്കും ഭട്ടി വിക്രമർക്കയ്ക്കും ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്നും സംസ്ഥാനത്ത് റൊട്ടേഷൻ മുഖ്യമന്ത്രി ഫോർമുല ഉണ്ടാകില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു മുന്നോടിയായി എംഎൽഎമാർ ഓരോരുത്തരുമായി കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ കൂടിക്കാഴ്ചയിൽ രേവന്തിനു ഭൂരിപക്ഷം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയവും ഇന്നലെ ചേർന്ന നിയമസഭാകക്ഷി യോഗം പാസാക്കി. തെലങ്കാനയില്‍ അണിയറയില്‍ കാര്യങ്ങള്‍ നീക്കിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ പിന്തുണയും രേവന്തിനാണെന്നാണ് റിപ്പോര്‍ട്ട്.
കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആര്‍എസിനെ കടപുഴക്കിയാണ് പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ഭരണം പിടിച്ചെടുത്തത്. 119 അംഗ സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 64 സീറ്റുകൾ നേടിയപ്പോൾ ബിആർഎസ് 39 സീറ്റുകൾ നേടി.
Story Highlights: Revanth Reddy set to be Telangana Chief Minister, oath likely tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here