Advertisement

ക്യാപ്റ്റൻ മണിയുടെ ദുരിതവും പി.പി. ജോസിൻ്റെ അടിയും; കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി ജയത്തിന്റെ 50 വർഷങ്ങൾ

December 11, 2023
Google News 1 minute Read

1973 ഡിസംബർ 27. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ മുള ഗാലറിയിലും പരിസരത്തും നിറഞ്ഞ പതിനായിരങ്ങളും പിന്നെ നാട്ടിലെങ്ങും നിരന്ന ലക്ഷക്കണക്കിന് റേഡിയോ ശ്രോതാക്കളും സാക്ഷി. ഫൈനലിൽ റയിൽവേസിനെ പരാജയപ്പെടുത്തി (3 – 2) കേരളം ചരിത്രത്തിൽ ആദ്യമായി സന്തോഷ് ട്രോഫി നേടി; അഥവാ ദേശീയ ഫുട്ബോൾ ചാംപ്യൻമാരായി. ഹാട്രിക്കിൻ്റെ തിളക്കവുമായി ക്യാപ്റ്റൻ മണി ടോഫി സ്വീകരിച്ചു. കേരളം ചരിത്രമെഴുതിയിട്ട് 50 ആണ്ട്.

കണ്ണൂരിലെ തളിക്കാവ് സുബ്രഹ്മണ്യൻ മണി കേരളത്തിന് ക്യാപ്റ്റൻ മണിയാണ്. മണി ആദ്യമായി കേരളത്തെ നയിച്ചതും അവസാനമായി കേരളത്തിനു കളിച്ചതും ഈ ടൂർണമെൻ്റിൽ ആയിരുന്നു. ഫാക്ടിൻ്റെ ഉദ്യോഗമണ്ഡൽ വർക് ഷോപ്പിൽ മെഷിനിസ്റ്റ് ആയിരുന്ന മണിക്ക് ഫുട്ബോൾ കളിയിൽ നിന്നു ലഭിച്ച ഏറ്റവും വലിയ പാരിതോഷികം ആ വിജയത്തിന് സംസ്ഥാന സർക്കാർ നൽകിയ ആയിരം രൂപയാണ്.2000ത്തിൽ ഹെഡ് ഡ്രാഫ്റ്റ്സ്മാനായി ഫാക്ടിൽ നിന്നു വിരമിച്ച മണിക്ക് ഒരു വീട് വച്ചു കൊടുക്കുവാൻ സഹപ്രവർത്തകരും സുഹൃത്തുക്കളും ശ്രമിച്ചെങ്കിലും പിരിഞ്ഞു കിട്ടിയ തുക ഒരു ലക്ഷം തികഞ്ഞില്ല. പെൻഷൻ പോലുമില്ലാതെ അവസാന നാളുകളിൽ ഏറെ വിഷമിച്ച മണി ദു:ഖങ്ങൾ സഹകളിക്കാരോട് പങ്കുവച്ചിരുന്നു. 2017 ഏപ്രിൽ 27 ന് മണി അന്തരിക്കുമ്പോൾ കേരള ഫുട്ബോളിൽ പ്രഫഷണലിസവും കോടികളുടെ ഒഴുക്കും തുടങ്ങിയിരുന്നു.

1973ൽ സന്തോഷ് ട്രോഫി നേടിയ കേരളത്തിന് ലഭിച്ച സ്വർണ മെഡൽ

ജോസിൻ്റെ അടി

കലാശപ്പോരാട്ട ദിവസം കോച്ച് സൈമൺ സുന്ദർരാജ് സ്റ്റേഡിയത്തിൽ എത്തിയപ്പോൾ ചിലർ പുൽത്തകിടി നനയ്ക്കുന്നതാണു കണ്ടത്. പെട്ടെന്നത് നിർത്താൻ പറഞ്ഞു. ഹോസ് ഗ്രൗണ്ടിൽ നിന്നു മാറ്റാനും അഭ്യർഥിച്ചു. ഗ്രൗണ്ടിൻ്റെ ചുമതലക്കാരൻ പറഞ്ഞിട്ടാണു നനയ്ക്കുന്നതെന്ന് ജോലിക്കാർ പറഞ്ഞു. അതൊരു ബംഗാളി ആയിരുന്നു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നിർദേശിച്ചതനുസരിച്ച് കേരള ഫുട്ബോൾ അസോസിയേഷൻ ആണു തന്നെ ചുമതലപ്പെടുത്തിയതെന്ന് അയാൾ വാദിച്ചു.

ഫൈനൽ കളിക്കുന്ന ടീമിൻ്റെ കോച്ച് ആയതിനാൽ സൈമൺ സുന്ദർരാജിന് ഇടപെടുന്നതിന് പരിമിതികളുണ്ടായിരുന്നു. അദ്ദേഹം കേരള ടീമിൻ്റെ മാനേജർ പി.പി.ജോസിനെ വിളിച്ചു. ജോസ് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപം ഒരു ലോഡ്ജിലായിരുന്നു താമസം. സ്റ്റേഡിയത്തിലെ ഓഫിസ് ഫോണിൽ നിന്ന് ലോഡ്ജിലെ ഫോണിലേക്ക് വിളിച്ചാണ് ജോസിനെ വിവരം അറിയിച്ചത്. പാഞ്ഞെത്തിയ ജോസ് ബംഗാളിയോട് “നീ ആരാടാ ? ഗ്രൗണ്ട് നനയ്ക്കാൻ നിന്നോട് ആരാണ് പറഞ്ഞത്?” എന്ന് മലയാളത്തിൽ ചോദിച്ചു. അയാൾ മറുപടി പറഞ്ഞു തീരും മുമ്പ് പി.പി. ജോസിൻ്റെ കൈ അയാളുടെ കരണത്ത് പതിഞ്ഞു. പിന്നെ ബംഗാളിയെ പിടിച്ചു വലിച്ച് പുറത്തു കൊണ്ടുപോയി. ബംഗാൾ ടീമിനൊപ്പം അയാളെ മടക്കി അയക്കാമെന്ന വിശദീകരണമൊന്നും കേൾക്കാതെ ജോസ് അയാളെ റയിൽവേ സ്റ്റേഷനിൽ എത്തിച്ച് ആദ്യം കിട്ടിയ മദ്രാസ് (ചെന്നൈ ) ടെയ്നിൽ കയറ്റിവിട്ടു. സൈമൺ സുന്ദർരാജ് പിടിച്ചു മാറ്റിയതു കൊണ്ട് ബംഗാളി കൂടുതൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർമാൻ ഒക്കെ ആയിരുന്ന പി.പി. ജോസിൻ്റെ സ്വഭാവമറിയാവുന്നവർ ആരും ആ പ്രവൃത്തിയിൽ അദ്ഭുതപ്പെട്ടിരിക്കില്ല.

നനവുള്ള ഗ്രൗണ്ട് റയിൽവേ താരങ്ങൾക്ക് അനുകൂലമാണ്. കേരള താരങ്ങൾ തെന്നി വീഴും. ഇതു മുൻകൂട്ടി കണ്ടാണ് ഗ്രൗണ്ട് നനയ്ക്കാൻ തുടങ്ങിയത്.” അക്കാലത്ത് എവിടെ കളിക്കാൻ പോയാലും റയിൽവേ ടീം ഇത്തരം കുതന്ത്രങ്ങൾ ഒരുക്കം. അതുകൊണ്ടാണ് ഞാൻ രാവിലെ ഗ്രൗണ്ടിൽ എത്തിയത് ” സൈമൺ സുന്ദർരാജ് കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാൽ വർഷങ്ങൾക്കു മുമ്പ് അദ്ദേഹം പറഞ്ഞത് ഉച്ച സമയത്ത് ഗ്രൗണ്ട് നനയ്ക്കുന്ന വിവരം അറിഞ്ഞ് കിട്ടിയ സൈക്കിളിൽ താൻ ഗ്രൗണ്ടിൽ പാഞ്ഞെത്തിയെന്നാണ്.ഒരു പക്ഷേ, അതായിരിക്കണം കൂടുതൽ ശരി. കാരണം രാവിലെ ഗ്രൗണ്ട് നനച്ചാൽ വൈകുന്നേരം വരെ വെള്ളമയം നിൽക്കണമെന്നില്ല. യഥാർഥ സമയം സൈമൺ സുന്ദർരാജ് മറന്നതാകാം.

പരുക്കുകൾ അലട്ടി

പരുക്കുകൾ കേരള ടീമിനെ വല്ലാതെ അലട്ടി. ടൂർണമെൻ്റ് തുടങ്ങും മുമ്പേ ബ്ളാസി ജോർജിനു പരുക്ക്.ഡൽഹിക്കെതിരായ ആദ്യ കളിയിൽ വിക്ടർ മഞ് ജിലയ്ക്കു പരുക്കേറ്റു.കർണാടകത്തിനെതിരെ കളിക്കുമ്പോൾ സേതുമാധവനും പരുക്കേറ്റു.മൂന്നാം ഗോളി രവിക്ക് പ്രീ ക്വാർട്ടർ ലീഗിൽ തന്നെ കളത്തിൽ ഇറങ്ങേണ്ടി വന്നു. ആകെ അഞ്ചു കേരള താരങ്ങൾ പരുക്കേറ്റു പുറത്തായി.

ആദ്യ മത്സരത്തിൽ ഡൽഹിയോട് സമനില ( 1-1), രണ്ടാം മത്സരത്തിൽ മണിപ്പൂരിനെതിരെ ജയം (2-1), അവസാന ലീഗ് മത്സരത്തിൽ കർണാടകയെ അട്ടിമറിച്ച് ( 4-3 ) ക്വാർട്ടറിൽ.ആന്ധ്രയെ ക്വാർട്ടറിൽ തകർത്തു.( 5-0). സെമി രണ്ടു പാദങ്ങൾ ആയിരുന്നു. മഹാരാഷ്ട്രയായിരുന്നു എതിരാളികൾ. ആദ്യ പാദത്തിൽ 2-1 ലീഡ്. രണ്ടാ പാദം സമനില (1 – 1).
ബംഗാൾ ഉൾപ്പെട്ട നിരയെ പിൻതള്ളിയാണ് റയിൽവേസ് ഫൈനലിൽ കടന്നത്.പ്രകാശ് ബിശ്വാസ് നയിച്ച റയിൽവേസ് താരനിബിഡമായിരുന്നു. ചന്ന റെഡ്ഡിയായിരുന്നു അവരുടെ തുറുപ്പു ചീട്ട്.

1973ൽ കേരളത്തിനായി ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീം അം​ഗങ്ങൾ 50-ാം വാർഷികത്തിന് വീണ്ടും കണ്ട് മുട്ടിയപ്പോൾ

ഫാക്ടിൻ്റെയും പ്രീമിയർ ടയേഴ്സിൻ്റെയും താരങ്ങൾ ആയിരുന്നു കേരള ടീമിൽ ഭൂരിഭാഗവും. ക്യാപ്റ്റൻ മണി 38, 65, 80 മിനിറ്റുകളിൽ ഗോൾ നേടി.ചന്ന റെഡ്ഡിയും ദിലിപ് പാലിയത്തും റയിൽവേയ്ക്കായി ലക്ഷ്യം കണ്ടു.കേരളം നടാടെ സന്തോഷ് ടോഫി ജയിച്ചു.ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ പന്ത്, ഗോളി രവിയുടെ കൈകളിൽ. അത് അദ്ദേഹം ഇന്നും നിധിപോലെ സൂക്ഷിക്കുന്നു.

കേരളം ആദ്യമായി സന്തോഷ് ട്രോഫി ജയിക്കുമ്പോൾ ഞാൻ സ്കൂൾ വിദ്യാർഥിയാണ്. ആകാശവാണിയുടെ ദൃക്സാക്ഷി വിവരണം കേൾക്കുമ്പോൾ കളി നേരിട്ടു കാണുന്ന അനുഭുതി. നാഗവള്ളി ആർ.എസ്. കുറുപ്പ് ,രവീന്ദ്രൻ നായർ എന്നിവർ കമൻ്ററി പറഞ്ഞതായി ഓർക്കുന്നു. റയിൽവേസിൻ്റെ ചന്ന റെഡ്ഡി പന്തുമായി കുതിക്കുമ്പോൾ അതിവേഗത്തെ കമൻ്റേറ്റർ വിശേഷിപ്പിച്ചത് കാലിൽ ഡീസൽ എൻജിൻ ഫിറ്റ് ചെയ്തതുപോലെയാണ് ചന്ന റെഡ്ഡിയുടെ കുതിപ്പ് എന്നാണ്. (അന്ന് റയിൽവേക്ക് ഇലക്ട്രിക് എൻജിൻ ഇല്ലായിരുന്നു, ഡീസൽ എൻജിൻ ആയിരുന്നു). അവസാന നിമിഷം സമനില ഗോളിനായി ചന്ന റെഡ്ഡി കുതിച്ചെത്തിയപ്പോൾ തടഞ്ഞ സി.സി. ജേക്കബ് വീണതും പുറത്തേക്ക് റെഡ്ഡി വീണതും അന്നു റേഡിയോയിൽ കേട്ടത് കഴിഞ്ഞ ദിവസം ജേക്കബുമായി പങ്കുവച്ചു. ഫൈനലിൽ കളി തീരാൻ എത്ര മിനിറ്റെന്ന് ഗോളി രവി കാണികളോട് ചോദിച്ചതായാണ് കമൻ്ററി കേട്ടത്.

കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി വിജയം നൽകിയ പന്തുമായി ബ്ലെയ്സി ജോർജ്

എന്നാൽ ഇനി രണ്ടു മിനിറ്റേയുള്ളൂവെന്ന് ഗോൾ പോസ്റ്റിനു പിന്നിൽ നിലത്തിരുന്നു കളി കണ്ടവർ രവിയോട് പറയുകയായിരുന്നെന്ന് പിന്നീട് അറിഞ്ഞു. വില്യംസിൻ്റെ കാലിലാണു പന്ത്, വില്യംസ് അപകടകാരിയാണ് , ജാഫർ പന്തു കൈക്കലാക്കി ഒരു നിമിഷം തൻ്റെ കൂട്ടുകാർ എവിടെയൊക്കെയെന്നു നോക്കിയിട്ട് നജിമുദ്ദീന് ലോബ് ചെയ്തു കൊടുത്തു എന്നിങ്ങനെയുള്ള വിവരണങ്ങളും ഓർക്കുന്നു. കളിക്കാരുടെ ഫോട്ടോ പത്രത്തിൽ കണ്ട ഓർമയിൽ ദൃക്സാക്ഷി വിവരണത്തിനൊത്ത് നമ്മൾ കളി സങ്കൽപ്പിക്കുന്നു. ഗാലറിയിൽ ഇരുന്ന പലരും ചെറിയ റേഡിയോ കയ്യിൽ കരുതിയിരുന്നതായി അറിഞ്ഞു.

പതിനാലു വർഷം കഴിഞ്ഞു.1987 ൽ ദേശീയ ഗെയിംസിൻ്റെ ഫുട്ബോളും ( ഫൈനൽ ഒഴികെ) 1988ൽ സന്തോഷ് ട്രോഫിയും കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടന്നപ്പോഴാണ് 1973 ലെ താരങ്ങളിൽ ചിലരെ നേരിട്ടു കണ്ടത്.പിന്നീട് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ കടന്നപ്പോഴൊക്കെ ഇവരിൽ പലരെയും ബന്ധപ്പെടേണ്ടി വന്നു.അപ്പോൾ തോന്നിയ വീരാരാധന കഴിഞ്ഞ ദിവസം സൈമൺ സുന്ദർ രാജിനോടും സി.സിയോടും (ജേക്കബ്) വിക്ടറിനോടും സേതുവിനോടും ബ്ളാസിയോടും രവിയോടുമൊക്കെ സംസാരിച്ചപ്പോഴും മനസ്സിൽ നിറഞ്ഞു.ജാഫറിൻ്റെ തമാശകൾ എത്ര യോ തവണ ആസ്വദിച്ചിട്ടുണ്ട്.

ഇടത്തു നിന്ന് ഇരിക്കുന്നവർ: വില്യംസ്, എം.ഒ. ജോസ്, പ്രസന്നൻ, രവി, നജിമുദീൻ, ബാബു നായർ, പെരുമാൾ, ജാഫർ. നിൽക്കുന്നത് മുൻനിര: ബ്ളാസി ജോർജ്, പൗലൂസ്, എം.ആർ. ജോസഫ്, ടൈറ്റസ് കുര്യൻ, ഇട്ടിമാത്യു, വിക്ടർ, കെ.കെ. ഗോപാലകൃഷ്ണൻ, മണി, പി.പി. ജോസ്, എം.എൽ. ജോർജ്, സി.സി. ജേക്കബ്, രത്നാകരൻ, അബ്ദുൽ ഹമീദ്, ഉസ്മാൻ കോയ, സേവ്യർ പയസ്. നിൽക്കുന്നത് പിൻനിര: എ.വി. ദേവസിക്കുട്ടി, സേതു, ചേക്കു, ദേവാനന്ദ്, ജോൺ ജെ. ജോൺ, മിത്രൻ, മുഹമ്മദ് ബഷീർ, സൈമൺ സുന്ദർരാജ്.

പക്ഷേ, കാലം മാറി. മുൻ താരങ്ങൾ പറഞ്ഞതുപോലെ ഇന്നത്തെ സാന്താഷ് ട്രോഫി മത്സരക്കൾക്ക് പഴയ ജുനിയർ നാഷനൽസിൻ്റെ ( ബി.സി.റോയ് ട്രോഫി ) നിലവാരം പോലുമില്ല. എന്നിട്ടും സന്തോഷ് ട്രോഫി ജയിച്ചാൽ കളിക്കാർക്ക് സർക്കാർ ജോലി. എന്തിന് ഈ നിലവാരത്തിൽ സന്തോഷ് ടോഫി നടത്തുന്നുവെന്ന് മുൻ താരങ്ങൾ ചോദിക്കുന്നു.

1988 ൽ കൊല്ലത്ത് സന്തോഷ് ട്രോഫി വേളയിൽ പി.കെ.ബാനർജിയെ കാണാൻ റോഡിൽ ആളുകൂടിയത് കണ്ടപ്പോൾ ,ചുനി ഗോസ്വാമി റോഡിൽ ഇറങ്ങിയാൽ ട്രാഫിക് ബ്ളോക്ക് ഉണ്ടാകുമെന്നു കേട്ടത് ഓർത്തു പോയി. അതു ഭൂതകാലം. ഇന്നു സന്തോഷ് ട്രോഫി ജയിച്ച ടീമിലെ കളിക്കാരെ എത്ര പേർ അറിയും? മുൻ താരങ്ങൾ ചോദിച്ചപ്പോൾ മറുപടി പറയാൻ കഴിഞ്ഞില്ല.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here