കയറൂരിവിട്ട ക്രിമിനലുകളായ അണികളെ സിപിഐഎം നിലയ്ക്ക് നിര്‍ത്തിയില്ലെങ്കിൽ കോണ്‍ഗ്രസ് തിരിച്ചടിക്കും; കെ. സുധാകരന്‍

കയറൂരിവിട്ട ക്രിമിനലുകളായ അണികളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐഎം തയ്യാറായില്ലെങ്കില്‍ ശക്തമായി തന്നെ കോണ്‍ഗ്രസിനും തിരിച്ചടിക്കേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സിപിഎം ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിന് പൊലീസ് കുടപിടിക്കുകയാണ്. നവ കേരള സദസ് ജനം തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് അതിന്റെ കലിപ്പ് തീര്‍ക്കാന്‍ മുഖ്യമന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥരും സിപിഐഎം ക്രിമിനലുകളും വഴിയില്‍ കാണുന്നവരെയെല്ലാം തല്ലിച്ചതയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും നേതാക്കളെയും കായികമായി തുടരെ ആക്രമിക്കുന്നത് തീക്കൊള്ളികൊണ്ട് തലചൊറിയുന്ന പണിയാണെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഓര്‍ത്താല്‍ നല്ലതാണ്. മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ ആലപ്പുഴയില്‍ കെഎസ് യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും പൊലീസും മൃഗീയമായിട്ടാണ് മര്‍ദ്ദിച്ചത്.
ലാത്തികൊണ്ടുള്ള അടിയേറ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലക്ക് പരിക്കേറ്റു. ഇതിന് തൊട്ടുപിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബിന്റെ വീട് സിപിഎമ്മുകാരും സിഐടിയു പ്രവർത്തകരും ചേര്‍ന്ന് ആക്രമിക്കുകയും അദ്ദേഹത്തിന്റെ ഭാര്യയുടെ കഴുത്തിന് പിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് സിപിഐഎം ക്രിമിനലുകളും പൊലീസും വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നത്. ഇപ്പോഴത് ഒരു പടികൂടിക്കടന്ന് വീട്ടിലുള്ള സ്ത്രീകള്‍ക്കെതിരെയും ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here